Saturday, June 23, 2007

കലാപം...

ആകാശത്തിലേക്കുയര്‍ത്തിപ്പിടിച്ച വാളുകള്‍
തേടുന്നത് കഴുത്തുകളേയാണ്
വെടിയുണ്ടകള്‍ കാത്തിരിക്കുന്നത്
മാറിടങ്ങളെയാണ്

ആര്‍പ്പു വിളികളും...അട്ടഹാസങ്ങളും..
കൂട്ടക്കരച്ചിലും...പിഞ്ചുകുഞ്ഞിന്‍ തേങ്ങലും..
മാതൃത്ത്വത്തിന്‍ മുന്നിലരുമസന്താനത്തെ
മാറി മാറി ഭക്ഷിക്കുന്നു നരഭോജികള്‍

ഒരു തീപ്പൊരി പുകയായ്..തീയായ്....
തീയൊരു കൊടുങ്കാറ്റായ്...കനലായ്..പിന്നെ ചാരമായ്...
കരിഞ്ഞ മാംസത്തിന്‍ ഗന്ധവും..
കരിയും ചാരവും നിറഞ്ഞ വീഥികളും
താണ്ടി ഞാന്‍ മുന്നേറുമ്പോള്‍......

അവരെന്നെ തേടിയെത്തുന്നു
കയ്യിലുപ്പ് പാത്രവുമായ്
മതേതരത്വത്തിന്‍ മുറിപ്പാടുകള്‍ തേടി..

Saturday, June 16, 2007

കുരുത്തം കെട്ടവന്‍

അയലത്തെ വീട്ടിലെ അയിത്തക്കാരന്‍
ചെക്കന്‍എന്റെ കൂട്ടുകാരനായപ്പോള്‍
അമ്മ വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ഒന്നുമൊന്നും കൂട്ടിയാല്‍ ഒന്നുമല്ലത്
വെറും വെട്ടിപ്പിടിക്കലല്ലാതെ യെന്നു പറഞ്ഞപ്പോള്‍
മാഷ് വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ഓടിക്കളിച്ച മൈതാനം വേലികെട്ടിതിരിച്ചത്
കൂട്ടുകാരോടൊത്ത് ചവിട്ടിപ്പൊളിച്ചപ്പോള്‍
നാട്ടുകാര്‍ വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ദഹിക്കാത്ത വാക്കുകള്‍ കൊണ്ട്
സദ്യയൊരുക്കിയവരെ നോക്കി ഭ്രാന്തരെന്നു കൂവിയപ്പോള്‍
എഴുത്തുകാര്‍ വിളിച്ചെന്നെ“കുരുത്തം കെട്ടവന്‍ ”

ഒടുവില്‍ ഞാനറിയുന്നു
പ്രതികരണത്തിന്‍ മറുവാക്ക്
“കുരുത്തം കെട്ടവനാകുന്നു’

Friday, May 11, 2007

പരസ്യമാക്കരുത്...!!!

പണ്ട് കഞ്ഞിയും കപ്പയും തിന്ന് കോലുപോലെ നടക്കുമ്പോള്‍ കട്ടന്‍ കാപ്പിക്കു കൂട്ടാന്‍ കൊണ്ട് വന്ന വെല്ലത്തിന്റെ പൊതി അഴിച്ച് നക്കികൊണ്ടിരിക്കുമ്പളാ അതു ശ്രദ്ധിച്ചത്,,,
ഒരു നല്ല മസിലുകാരന്റെ ഫോട്ടൊ...അതുമായി കണ്ണാടിക്കു മുന്നില്‍ ചെന്ന് ഞാനും ആ പോസില്‍ നിന്നു നോക്കി..കുന്നിക്കുരു വലിപ്പത്തിലൊരു മുഴ!!! വീണ്ടും ഒന്നു അമര്‍ന്നു നിന്നു ബലം പിടിച്ചു..
നോ രക്ഷ..മസിലു വലുതാവുന്നില്ല.. എന്താ ഇനി ചെയ്യാ??
പെട്ടന്നതാ ഭാഗ്യദേവതപോലെ അവതരിക്കുന്നു..ആകാശവാണി കോഴിക്കോട്.
“ലൈഫ് ബോയ് എവിടെയുണ്ടവിടെയുണ്ടാരോഗ്യം” ഹൊ.. കിട്ടിപ്പോയ്...
കേട്ടപാതി കേള്‍ക്കാത്ത പാതി ഉമ്മാടെ മടിശ്ശീലയില്‍ നിന്നും കാശും പൊക്കി കടയിലേക്കോടി
ലൈഫ് ബൊയ് എന്ന ആരോഗ്യക്കുട്ടപ്പനെ വാങ്ങി,,,വീട്ടിലേക്കു വരുന്ന വഴി ഇടക്കിടെ അതിനു മുത്തം കൊടുത്തു,,മണം പിടിച്ചു,, ഇട വഴിയില്‍ വെച്ച് തന്നെ മസിലും പിടിച്ച് നോക്കി...
ഹും കൊള്ളാം മസില് വലുതായിട്ടുണ്ട്,, ഇനി എല്ലവരുടെയും മേക്കിട്ടു കയറാം,,, നെഞ്ചു വിരിക്കാം..
ആരും കാണാതെ ആരോഗ്യസോപ്പിനെ ഒളിപ്പിച്ച് വെച്ചതും..അതിന്റെ ഹുങ്ക് കാട്ടി ചങ്ങാതിമാരുടെ ഇടി വാങ്ങിച്ചതും മിച്ചം..ഒടുവില്‍ ഒരു ദിനം നല്ലോണം ചേറ് പുരണ്ട് വന്നൊരു കുളി കുളിച്ചു..അങ്ങിനെ ആ സോപ്പ് മുതലാക്കി..
പക്ഷെ ഇപ്പൊ സംഗതി ആകെ മാറി സുഹ്രുത്തെ!!!
ഇപ്പോഴത്തെ പിള്ളേരും അമ്മമാരുമൊക്കെ നേരെ തിരിച്ചാ...ആദ്യം സോപ്പ് തേച്ച് നല്ലൊരു കുളി
എന്നിട്ടു വേണം പോയി ചെളി പുരളുവാന്‍...
കണ്ടിട്ടില്ലേ??ക്രിക്കറ്റ് ഗ്രൌണ്ടിലെ ചെളി വെള്ളത്തില്‍ കിടന്നു പിടിക്കുന്ന
മകനെ നോക്കി അഭിമാനത്തോടെ കമന്റടിക്കുന്നൊരമ്മയെ??
“അവന്‍ കുളിച്ചിട്ടാ പോയേ അമ്മേ” (ശ്ശ്..ശ്ശ്..പരസ്യമാക്കരുത്)
ഇനി കുട്ടികളോട് അത് തൊടരുത്..കറയാകും എന്നൊന്നും പറഞ്ഞേക്കല്ലേ!!!
“സര്‍ഫ് എക്സെല്‍...കറ നല്ലതിന്” (പരസ്യമാക്കല്ലേ....)
കട്ട് റോഡിലൂടെ ഓട്ടോ ഓടുമ്പോലെ ഉള്ള ചിരി ഉണ്ട് (സമീ ക്ഷമിക്കണം)
പക്ഷെ സൈക്കിള്‍ ഓടുമ്പോലെ ചിരിക്കാന്‍ പറ്റോ??
ഉണ്ടത്രേ....അതിലും ഹലാ‍ക്കു പിടിച്ച ഒരു ചിരിയുണ്ട്..
“കണ്ണന്റെ ക്ലോസറ്റ് ചിരി” ( മിണ്ടരുത്...)
അതു പറഞ്ഞപ്പോഴാ ഇടക്കു ചില സീരിയല്‍ സിനിമ കുട്ടപ്പന്മാര്‍ കക്കൂസ് വ്രത്തിയാക്കാന്‍ വരുന്ന സീന്‍ കാണാം..( നല്ലതാ ഒരു ദിവസം ഈ സീരിയലൊക്കെ അങ്ങ് അവസാനിച്ചാലോ?ഈ പണിക്കിറങ്ങാലൊ) അവരു വന്നു കക്കൂസൊക്കെ വ്രത്തിയാക്കി കഴിഞ്ഞ് ഗ്രഹനാഥയെ വിളിക്കും
അവര് മൂക്കത്ത് വിരല്‍ വെച്ചങ്ങനെ നിന്ന് പറയും “ഹോ വിശ്വസിക്കാനേ പറ്റുന്നില്ല..!!”
എന്റെ ആരെങ്കിലുമാണെങ്കില്‍ ഒറ്റ ഇടി കൊടുത്തേനേ.. നാളെ എന്നെ നോക്കി നീയാണെന്നു വിശ്വസിക്കാന്‍ പറ്റില്ലെന്നു പറഞ്ഞാലൊ??
ഇപ്പൊ “വൈകിട്ടെന്താ പരിപാടി ”എന്നാ‍രും ചോദിക്കറില്ല..കാരണം അത് പരസ്യമായി.
നമ്മുടെ താല്പര്യങ്ങള്‍ക്കു ഒരു കിലോമീറ്റര്‍ മുമ്പെ നടക്കുന്നവരുണ്ട്..പക്ഷെ വല്ലതും വാങ്ങി
പിന്നെ വില്‍ക്കാന്‍ ചെന്നാലോ?? അതിനിടെ കോടിക്കണക്കിന് ആള്‍ക്കാര്‍ വിശ്വാസം അങ്ങ്
തീറെഴുതി കൊടുത്തു മറ്റൊരു കമ്പനിക്ക്..“ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനമായി”
ഇടക്ക് ഞാനൊരു മൂളിപ്പാട്ടു പാടിയിരുന്നു,,
യേ.ക്യാ‍ ഹുവാ...കൈസെ ഹുവാ...കബ് ഹുവാ‍... ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയപ്പോഴാണ് സിനിമാ പാട്ടല്ലെന്ന് മനസ്സിലായത്..

വാല്‍ക്കഷണം :-അച്ചന്‍ ഷോപ്പിങ്ങിനെന്നു പറഞ്ഞ് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍, മകള്‍ വിളിച്ചു പറയുന്നു,,
അച്ചാ മറക്കല്ലേ...... ഐസ്ക്രീം നല്ലതിന്......(പരസ്യമാക്കല്ലേ)

ടൂ വീലര്‍...

മരണത്തിന്റെ സുന്ദരമായ മുഖം
രണ്ട് ചക്രത്തിന്‍ സൌന്ദര്യ ദേവത
യൌവ്വന രക്തത്തിന്‍ മിടിപ്പിലേക്ക്
വശ്യതയോടെ വന്നണയുന്നവള്‍

വേഗത്തിലോടും ജീവിതത്തെ
മറികടക്കാന്‍ വെമ്പുന്ന കൌമാരമനസ്സിലേക്ക്
ഒരു സ്വപ്ന സുന്ദരിയായ് കൂട്ടാവുമ്പോള്‍
ഒരു മിന്നല്‍ പിണരായ് മാറാനവനാഗ്രഹിച്ചു

അശ്വരഥത്തിലെ രാജകുമാരനെപ്പോലെ
അറിയാത്ത അകലങ്ങളിലേക്ക് കുതിക്കുമ്പോള്‍
അവനറിഞ്ഞില്ലാ നാലുചക്രത്തിലായടുക്കും ലക്ഷ്യത്തെ

ക്രോധ ചുംബനം പോലൊരുരസല്‍
മിന്നല്‍ പിണരുകള്‍ തീര്‍ത്തു വായുവില്‍
ഒരു പ്രാണന്‍ വായുവിലുയര്‍ന്നപ്പോള്‍
കറങ്ങിക്കൊണ്ടിരുന്നു നിണമണിഞ്ഞ രണ്ട് ചക്രങ്ങള്‍

Saturday, May 5, 2007

വിതയ്ക്കുന്നവരും കൊയ്യുന്നവരും


ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍
അവര്‍ അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
പശിയടക്കുമ്പോള്‍
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!

ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍

Saturday, April 14, 2007

നയനാനന്ദകരമാവട്ടെ എല്ലാ ദിനങ്ങളും

ഒരു നല്ല വിഷുക്കണി കണ്ട് കണ്ണ് തുറന്നാല്‍
പിന്നെ കാണുന്നതെല്ലാം നിണമണിഞ്ഞ ചിത്രങ്ങള്‍ !!!
നല്ല കാഴ്ചകള്‍ മാത്രം കാണാന്‍ പറ്റുന്ന ഒരു ദിനം
പിറവിയെടുക്കുമെന്നൊരാശ്വാസത്തോടെ
എല്ലാ‍വര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു...

Friday, April 6, 2007

വ്രണിത ഹൃദയം


ഒസ്യത്ത് പത്രത്തില്‍ തള്ളവിരലമര്‍ത്തി
ദാനം ചെയ്തു ഞാനെന്നെ
മരണക്കിടക്കയ്ക്ക് ചുറ്റും കൂടിനിന്നവര്‍
അവസാന ശ്വാസത്തിന് കാതോര്‍ത്തു
പ്രാണന്റെ പ്രയാണം ഞരമ്പുകളെ
കടന്നാക്രമിച്ചപ്പോഴും ഹൃദയം വേദനിച്ചില്ല...
വേദനകള്‍ മാത്രം തിന്ന് ജീവിച്ചതാണെന്‍ ഹൃദയം
കണ്ണുകള്‍ നിശ്ചലമായപ്പോള്‍
പച്ചക്കുപ്പായവും കത്രികകളുമായവര്‍
കീറിമുറിച്ചെന്‍ മേനിയെ
കണ്ണുകളും കിഡ്നിയും പങ്ക് വെച്ചപ്പോള്‍
ആര്‍ക്കും വേണ്ടാത്തതായൊരു ഹൃദയം മാത്രം
ഒടുവില്‍ ചുടലപ്പറമ്പിലെ തീച്ചൂളയിലേക്ക്
ശിഷ്ടമാംസങ്ങള്‍വലിച്ചെറിഞ്ഞപ്പോള്‍
തീക്കുണ്ടമെല്ലാം ചാരമാക്കിയപ്പോള്‍
കത്താതെ ബാക്കിയായതുമൊരു ഹൃദയം
വേദനകള്‍ മാത്രം തിന്ന് മരവിച്ച് പോയൊരെന്‍ ഹൃദയം

Wednesday, March 14, 2007

സുരയ്യ തിളങ്ങുമാകാശം


നിര്‍മാതളത്തോടൊപ്പം പിച്ചവെച്ച്..
മലയാളത്തിന്‍ ഹൃദയത്തില്‍ പന്തലിച്ച മാധവിക്കുട്ടി
നാലുകെട്ടില്‍ തടവിലിട്ട യൌവ്വനത്തിന്റെ നേരറിവുകള്‍
നാലുദിക്കും ഭേദിച്ച് പുതിയൊരറിവായ് മാറി
ജീവിതം വെറുമൊരു സഫറാണെന്ന തിരിച്ചറിവില്‍
ഗമനം ചെയ്ത പാതയിലെ പട്ടുമെത്തയേക്കാള്‍
ഗമിക്കേണ്ട പാതയിലെ സ്നേഹമാണെല്ലാ..
മെന്നറിഞ്ഞ നാള്‍ തൊട്ട്
വിശിഷ്ട നക്ഷത്രമായ് തിളങ്ങാന്‍ കൊതിച്ചപ്പോള്‍
ആകാശം നിഷേധിച്ചവര്‍ ശ്ലീലമല്ലാത്ത ഭാഷയില്‍
അക്ഷരങ്ങള്‍ കൊണ്ട് കല്ലെറിഞ്ഞു
ഒടുവില്‍..
നാലുകെട്ടും..തുളസിത്തറയും..നിര്‍മാതളത്തിന്‍ പൂക്കളും
സാക്ഷി നില്‍ക്കെ...
സുരയ്യ യാത്രയായ്..പുതിയൊരാകാശം തേടി...എങ്കിലും
എന്നുള്ളമെന്നോടു മന്ത്രിക്കുന്നു
ഒരായിരം ഹൃദയാകാശങ്ങള്‍ ഈ മണ്ണിലിനിയും ബാക്കി..
അണയാതെ സൂക്ഷിക്കാം ഞങ്ങളീ വിശിഷ്ട നക്ഷത്രത്തെ

Friday, March 9, 2007

യാത്ര....

യാത്ര...
പ്രഭാതത്തിലൂടെ..മദ്ധ്യാഹ്നത്തിലൂടെ..
സായാഹ്നത്തിലൂടെ..നിശയിലൂടെ..

മന്ദസ്മിതത്തിലൂടെ..പൊട്ടിച്ചിരിയിലൂടെ..
അട്ടഹാസത്തിലൂടെ...കണ്ണീരിലൂടെ..

മഞ്ഞിലൂടെ..മഴയിലൂടെ..വെയിലിലൂടെ
പാതവരമ്പിലൂടെ...പാറക്കെട്ടുകളിലൂടെ..
കടല്‍ത്തീരത്തിലൂടെ...മരുഭൂമിയിലൂടെ

അമ്മയിലൂടെ...കൂട്ടുകാരിയിലൂടെ...
കാമിനിയിലൂടെ.....ഭാര്യയിലൂടെ..

മോഹങ്ങളിലൂടെ..സ്വപ്നങ്ങളിലൂടെ..
യാഥാര്‍ത്ഥ്യങ്ങളിലൂടെ..
ഇന്നലെകളിലൂടെ..ഇന്നിലൂടെ..
യാത്ര തുടരുകയാണ്..
വെളിച്ചത്തിലൂടെ...ഇരുട്ടിലേക്ക്..!!?

വാര്‍ദ്ധക്യത്തിലേക്കുള്ള ദൂരം

ഊന്നുവടി ചാരി വെച്ച് ചെരിപ്പുകളഴിച്ചിട്ട്
അയാള്‍ എന്റെ അടുത്തിരുന്നു
ഞാന്‍ അയാളഴിച്ചിട്ട ആ ചെരിപ്പില്‍
തന്നെ ശ്രദ്ധിച്ചിരിന്നു...
വാറുകള്‍ തുന്നിച്ചേര്‍ത്ത
വിരലുകളുടെ ഭാഗം ആഴത്തില്‍ കുഴിഞ്ഞ് പോയ
മടമ്പ് വ്രത്തത്തില്‍ കീറിയ
ആ പാദുകം നോക്കി ഞാന്‍ പറഞ്ഞു
തേഞ്ഞു തീര്‍ന്നല്ലോ ഇത്.. വേറൊരെണ്ണം വാങ്ങിച്ചൂടെ?
പതിഞ്ഞ സ്വരത്തിലാ‍ണയാള്‍ പറഞ്ഞത്

തേഞ്ഞു തീര്‍ന്നതല്ല..ഞാന്‍ താണ്ടിയ ദൂരമാണത്..
ഇനിയൊരു പാദുകമീ വ്രദ്ധനെന്തിന്?
പിന്നിടാന്‍ കുറച്ച് ദൂരം കൂടിയല്ലെ ഊള്ളൂ
ഞാനയാളുടെ കുഴിഞ്ഞ കണ്ണിലേക്ക് നോക്കി
ആ കണ്ണുകളില്‍ എന്റെ വാര്‍ദ്ധക്യം ഞാന്‍ കണ്ടു

Sunday, March 4, 2007

നപുംസകങ്ങള്‍


ആണിനെക്കാള്‍ വലുത് പെണ്ണെന്നും
പെണ്ണിനെക്കാള്‍ വലുത് ആണെന്നും
ആണ്‍ പെണ്‍ പോര് തുടര്‍ന്നപ്പോള്‍
ആണിന് ഒരു ലോകവും
പെണ്ണിനൊരു ലോകവും നല്‍കി

പെണ്ണില്ലാത്ത ലോകത്ത്...
ആണില്‍ പകുതി പെണ്ണായി
ആണില്ലാത്ത ലോകത്തെ...
പെണ്ണില്‍ പാതി ആണായി
അങ്ങിനെ..

ആണും പെണ്ണും കെട്ടവരുണ്ടായി

Thursday, March 1, 2007

ചിറകറ്റവര്‍

കൈകളില്‍ തുഴഞ്ഞയാള്‍
ആള്‍ക്കൂട്ടത്തിനിടയില്‍
ഇടക്ക കൊട്ടി പാടുമ്പോള്‍
മരവിച്ച മനസ്സുകളിലെ വിദ്വേഷം
ചില്ലറ നാണയമായ്
തകരപ്പാത്രത്തില്‍ തട്ടി പ്രതിധ്വനിച്ചു
അകലെ മരക്കൊമ്പിലിരുന്ന കാക്ക പറഞ്ഞു
നിനക്ക് നില്‍ക്കാനീ ചിറകിനാലാവുമെങ്കില്‍
അരിവാളുകൊണ്ടിത് അറുത്തെടുത്തോളു
ഞാനൊരു ജന്മം പിന്നിട്ടവനല്ലെ!!!

ഇടവഴിയിലെ പ്രണയം


ഇടവഴിയില്‍ ഞാനെന്‍ മേനിയൊളിപ്പിക്കുമ്പോള്‍
ജാലകപ്പടിയില്‍ നിന്‍ മുഖം മാത്രം
ചട്ടയിട്ടൊരു ചിത്രം പോല്‍ നീ
മിഴിയെടുക്കാതെന്നെ നോക്കുമ്പോള്‍
ശീമക്കൊന്നയിലോ
ജാലകത്തിന്‍ തുരുമ്പിച്ച കമ്പിയിലോ
എവിടെ നിന്നാണ് പ്രണയം തുടങ്ങുന്നത്
ഹൃദയങ്ങള്‍ക്കിടയില്‍ കല്ലുകള്‍ നിരത്തി
മതിലുകള്‍ തീര്‍ത്തതാരാണ്
തീവ്രാനുരാഗത്തിന്‍ തീജ്വാലകളൊരു നാളീ
ലക്ഷ്മണ രേഖ കരിച്ച് കളയുമ്പോള്‍
സഖീ ജാലകവാതിലമര്‍ത്തിയടക്കുക
നാട്ടു സര്‍പ്പങ്ങള്‍ ഫണമുയര്‍ത്തും മുമ്പേ
നമുക്ക് പ്രണയ തീരത്ത് കൂട് കൂട്ടാം

Saturday, February 24, 2007

നിസാമും ഞാനും പിന്നെ സ്നേക് പാര്‍ക്കിലെ കുരങ്ങനും

ഒരു അവധിക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ നാട്ട് നടപ്പനുസരിച്ച്
ഒരു ബൈക്കും വാങ്ങി അതില്‍ പെട്രോളടിച്ച് കത്തിച്ച് കളയുന്ന സമയം
കൂട്ടിനു ഖത്തറില്‍ നിന്നും വന്ന നിസാമും ഉണ്ട്
(ഞങ്ങളവനെ എക്സ്പ്രെസ്സ് നിസാം എന്ന് വിളിക്കും)
കാരണം?..കമ്പനി മണിക്കൂറില്‍ 100 കി.മി. അവകാശപ്പെടുന്ന
ഒരു ബൈക്ക് നിസാം 110 സ്പീഡില്‍ ഓടിക്കും
ഒരു ദിവസം നിസാമാണ് പറഞ്ഞത് നമ്മള്‍ക്കൊന്ന്
സ്നേക് പാര്‍ക്കില്‍ പൊയാലൊ?
ഞാനില്ലാന്ന് പറയാന്‍ വേറേ ആളെ നോക്കണം
അങ്ങിനെ ഞാനും നിസാമും കൂടി അടുത്ത ദിവസം തന്നെ
സ്നേക്പാര്‍ക്കിലേക്ക് കുതിച്ചു
സ്നേക് പാര്‍ക്ക്
കണ്ണൂരിന്റെ രാഷ്ട്രീയപകയില്‍ കത്തിയെരിയുകയും ഒരു
ഫീനിക്സ് പക്ഷിയെപോലെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത സ്നേക്പാര്‍ക്ക്
ഗേറ്റ് കടന്ന് നേരെ പോയത് രാജാവിന്റെ അടുത്തേക്കാണ്
ഹിസ് ഹൈനസ്സ് കിങ് കോബ്ര..ആഫ്രിക്കന്‍ വനാന്തരങ്ങളിലെ രാജാവ്!!
അടിപൊളി എയര്‍കണ്ടീഷന്‍ഡ് കൊട്ടാരത്തില്‍ തലയിലൊരുഗ്രന്‍ കിരീടവും
ധരിച്ച് തല ഉയര്‍ത്തിപ്പിടിച്ചങ്ങനെ ഇരിക്കുന്നു,
രാജാവിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ രാജഭക്തി ഇല്ലെങ്കിലും
ഭയം വേണ്ടുവോളം ഉണ്ടായിരുന്നു.
അങ്ങിനെ അതിനകത്ത് ജീവനുള്ളതും ഇല്ലാത്തതുമായ

(നേരത്തെ തീയില്‍ ചത്തുപോയ ചില
അപൂര്‍വ്വജീവികളെ സ്റ്റഫ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു)
പക്ഷി, ഉരഗ, മൃഗാദികളെ കണ്ടങ്ങനെ കറങ്ങി നടന്നു
ഇതിനിടെ പാമ്പുകളുടെ ഡെമൊ എടുക്കുന്ന സ്ഥലത്ത് എത്തി
ഒരു ചെറിയ കിണര്‍ പോലെയുള്ള കുഴിയില്‍
സര്‍വ്വമത പാമ്പുകളുടെ സംസ്ഥാനസമ്മേളനം എന്നു തോന്നിക്കുന്ന വിധത്തില്‍
പാമ്പുകളുടെ ഒരു കൂട്ടം..അതിനു നടുവില്‍ നിന്നു കൊണ്ട് ഒരു സുഹ്രുത്ത്
പാമ്പുകളുടെ ഇഷ്ടഭക്ഷണം,ഇഷ്ടപ്പെട്ട ഉടുപ്പ്, ഇഷ്ടസീരിയല്‍,
പാമ്പുകടിച്ചാല്‍ ഇക്കിളിയാകുമൊ,കള്ള് കുടിച്ചാല്‍ പാമ്പാകുന്നതെങ്ങനെ
പാമ്പ് ക്രിത്യമായി നാളുംസമയവും നോക്കി എങ്ങനെ പകരം വീട്ടും
എന്നിങ്ങനെയുള്ള ആള്‍ക്കാരുടെ ചോദ്യത്തിനു മറുപടി നല്‍കുന്നു
പിന്നെ ആ സുഹ്രുത്ത് ഒരു വണ്ണമുള്ള പാമ്പിനെ എടുത്ത് മുകളിലേക്കുയര്‍ത്തിപ്പിടിച്ചു
എന്നിട്ട് കൂടി നിന്ന ആള്‍ക്കരോട് തൊട്ടു നോക്കിക്കൊള്ളാന്‍ പറഞ്ഞു
ചിലരതിനെ ധൈര്യപൂര്‍വ്വം തൊട്ടു

ചില പെണ്ണുങ്ങളും കുട്ടികളുമൊക്കെ
കണ്ണ് ഇറുക്കിയടച്ച് ദൂരെ മാറിനിന്ന് അതിലും ധൈര്യത്തില്‍ തൊട്ടു
അപ്പോള്‍ എനിക്കൊരാഗ്രഹം പാമ്പ് വേലായുധനായൊരു ഫോട്ടൊ എടുത്താലൊ?

സര്‍പ്പ യജ്ഞം
ഞാനാസുഹ്രുത്തിനോട് കാര്യം പറഞ്ഞു, അയാള്‍ ആ വലിയ പാമ്പിനെ എന്റെ കൈയില്‍ തന്നു
ഒരു ക്രിത്രിമ ധൈര്യത്തോടെ ഞാനതിനെ കയ്യിലെടുത്തു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്തു
നിസാം ക്യാമറയുമായ് എന്നെ ഷൂട്ട് ചെയ്യാന്‍ നില്‍ക്കുന്നു
പാമ്പിന്റെ ഒത്ത നടുവിലാണെന്റെ പിടി,, ഇപ്പോള്‍ പാമ്പിന്റെ തല ആ കുഴിയിലേക്ക്നീട്ടിയിരിക്കയാണ്..
അതാ‍... ആ തല തിരിഞ്ഞ് എന്റെ നേരെ വരുന്നു..
ടാ‍.... വേഗം എടുക്കെടാ....
കാമറ ക്ലിക് ആവുന്നില്ലാ‍..
പാമ്പ് തല പൊക്കി എന്നെ നോക്കുന്നുവോ? എന്റെ മുഖത്തെ ധൈര്യമൊക്കെ പമ്പകടന്നോ?
ആള്‍ക്കരൊക്കെ എന്നെ നോക്കി ചിരിക്കുന്നു.നിസാമിന്റെ ക്യാമറ മാത്രം കണ്ണ് തുറക്കുന്നില്ല.
പാമ്പിപ്പൊ എന്റെ നെഞ്ചില്‍ തന്നെ കടിക്കും
ഞാനൊരു രക്തസാക്ഷിയാകന്‍ പോകുന്നു.പാമ്പിന്റെ മേല്‍ ഉള്ള എന്റെ പിടി മുറുകുന്നുവൊ?
അതിനെ മുറുക്കിപ്പിടിക്കല്ലേ!!!
സംഭവം പന്തിയല്ലെന്നു തോന്നിയ പാമ്പിന്റെ കാവല്‍ക്കാരന്‍ പറയുന്നു
ഇതാ പിടിച്ചോ.... ഞാന്‍ എന്റെ കൈകള്‍ പരമാവധി നീട്ടിപിടിച്ച് പാമ്പിനെ
കുഴിയിലെ സുഹ്രുത്തിനു തന്നെ കൈ മാറി...
മെല്ലെ കണ്ണുകള്‍ തുറന്നു..ഹോ..ജീവനോടെ ഉണ്ട്.
നിസാം അപ്പോഴും ക്യാമറയും പിടിച്ച് ഒരു ശില്പംപോലെ നില്‍ക്കുന്നു..
അവിടെ നിന്നും ഞാന്‍ അവനേയും കൂട്ടി ചമ്മലോടെ മെല്ലെ മുങ്ങി
പ്ലാസ്റ്റിക് മുതല

പിന്നെ പൊങ്ങിയത് കുറച്ചകലെ മുതലകളുടെ സങ്കേതത്തിനടുത്താണ്.
മുതലയമ്മാവന്മാരും അമ്മായിമാരും വെയിലുകൊണ്ടുറങ്ങുന്നു
കാസര്‍ഗോഡ് നിന്നും വന്ന കുറച്ച് സ്കൂള്‍ കുട്ടികള്‍ ചെറിയ കല്ലുകള്‍ എടുത്ത്
മുതലകളുടെ മേല്‍ ഇടുന്നു..പാറ പോലെ ഉള്ള ശരീരത്തില്‍ ഒരു ഇക്കിളി പോലും
ഉണ്ടാക്കുന്നില്ല,, അവര്‍ കണ്ണ് തുറക്കാതെ അങ്ങനെ കിടക്കുന്നു
ടാ.. ഇത് പ്ലാസ്റ്റിക്കാടാ....ഡൂപ്ലിയാ...
ക്ഷമിക്കണം..ഇതിലെവിടാ കുരങ്ങന്‍??
കഥാനായകന്‍ അഥവാ കുരങ്ങന്‍
ഞങ്ങള്‍ പിന്നെ എത്തിച്ചേര്‍ന്നത് സ്വഭാവംകൊണ്ട് നമ്മുടെ പൂര്‍വ്വികരെന്ന്
തോന്നിക്കുന്ന കുരങ്ങന്മാരുടെ അടുത്താണ്
അവിടെ നിന്നു കൊണ്ട് അവരുടെ കുസൃതികള്‍ ആസ്വദിക്കുന്നതിനിടെ
ഞാന്‍ പോക്കറ്റില്‍ നിന്നും ബത്തൂഖിന്റെ ഒരു ബനാന ച്യുയിങ്ഗം
വായിലിട്ട് ചവക്കാന്‍ തുടങ്ങി..അതിന്റെ മണം കേട്ടിട്ടാണെന്ന് തോന്നുന്ന്
ഒരു കുരങ്ങച്ചാര്‍ വന്ന് എന്റെ നേരെ കൈ നീട്ടി
ദയ തോന്നിയ ഞാന്‍ ഒരെണ്ണമെടുത്ത് കവറൊക്കെ കളഞ്ഞ് അതിന്റെ
കയ്യില്‍ വെച്ച് കൊടുത്തു..
കൂട്ടുകാരെ ഇനിയാണ് സംഭവത്തിന്റെ തുടക്കം
എനിക്ക് താങ്ക്യു പറഞ്ഞ് ച്യുയിങ്ഗം വായിലിട്ട് കുരങ്ങന്‍ ചവച്ച് തുടങ്ങി
അവന്റെ സ്നേഹിതന്മാരെ പോലെ ഞാനും നിസാമും അത് കണ്ടങ്ങനെ നിന്നു
കുറേ നേരം ചവച്ചിട്ടും തീരാത്ത സാധനം കുരങ്ങനെ ചിന്തിപ്പിച്ചു എന്നു തോന്നുന്നു
കുരങ്ങനത് മെല്ലെ കയ്യിലേക്ക് തന്നെ തുപ്പി...

എന്നിട്ട് രണ്ട് കയ്യും കൊണ്ട് അമര്‍ത്തിപ്പിടിച്ചു..അതാ...കുരങ്ങന്റെ രണ്ട് കൈകളും
ഒട്ടിപ്പിടിക്കുന്നു..കൈകള്‍ വലിച്ചപ്പോള്‍ നൂലുപോലെ വലിഞ്ഞ് വന്നു..
അത് ശരീരത്തിലേക്ക് കൈകൊണ്ട് ഉരസാന്‍ തുടങ്ങി...അവിടൊക്കെ പശപോലെ
ച്യുയിങ്ഗം പറ്റിപ്പിടിച്ചു....പിന്നെയും കടിക്കുന്നു...ഇടക്ക് എന്നെ നോക്കി തെറി പറഞ്ഞോ??
ദേഹമാസകലം ഉണ്ടനൂല്‍ ചുറ്റിയപോലെ കുരങ്ങന്‍. ആദ്യം രസിച്ചുനിന്ന ഞങ്ങള്‍ക്ക്
പിന്നെ സംഗതി ഗൌരവമുള്ളതാണെന്ന് മനസ്സിലായി.
എന്നെയും കൂട്ടി അവിടെ നിന്ന് ഗാര്‍ഡുകള്‍ കാണാതെ തടി രക്ഷപ്പെടുത്തുമ്പോള്‍
നിസാം പറഞ്ഞു..“ ഹൊ നിന്നെ കൊണ്ടുള്ള ഒരൊ പൊല്ലാപ്പ്!!”
(സംഭവം എനിക്ക് അറിയാതെ പറ്റിയതാണെങ്കിലും ഇന്നുമോര്‍ക്കുമ്പോള്‍
വിഷമം തോന്നാറുണ്ട്)

Saturday, February 17, 2007

മേല്‍ക്കോയ്മ


നക്ഷത്രകള്ള്ഷാപ്പിനു താഴെ
നിന്റെ മാംസത്തിനു വിലപേശുമ്പോള്‍
നിനക്ക് ജയവും എനിക്ക് തോല്‍വിയും
പരാക്രമത്തിനു ശേഷം ഞാന്‍ തളര്‍ന്ന് വീഴുമ്പോഴും
ജയം നിനക്കും തോല്‍വി എനിക്കും
ഒടുക്കം പാതിയുറക്കത്തിലെന്നെ
പടിയിറക്കി വിടുമ്പോഴും
ജയം നിനക്ക് തന്നെ...പക്ഷെ...
നിന്നെ നോക്കിയവര്‍ വേശ്യയെന്ന്
വിളിക്കുമ്പോള്‍ ഞാന്‍ ജയിക്കുന്നു
ഞാനൊരു പുരുഷനാണല്ലോ

സത്യം

നഗ്നമാണ് നീ......
തുണികള്‍ക്ക് മീതെ തുണികള്‍ ചുറ്റി
നീ മറഞ്ഞിരുന്നാലും
എന്റെ അകക്കണ്ണിനുള്ളില്‍
നൂല്‍ബന്ധം പോലുമില്ല നിനക്ക്
ഒരു കുട കൊണ്ടോ
പര്‍ദ്ദയോ നഖാബോ* കൊണ്ടോ
ഒളിച്ച് വെച്ചാലും
എന്റെ കണ്ണുകളവയെ പിച്ചിച്ചീന്തും
ഒരിരുട്ടും നിനക്ക് മറയാവില്ല
സൂര്യോദയത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി
നീ...ഒരിക്കലും മറച്ചുവെക്കാ‍നാവാത്ത
സത്യമാണ്.

Tuesday, February 13, 2007

പ്രണയത്തിന്റെ രസ“തന്ത്രം”

പ്രണിയിക്കാന്‍ മറന്നവര്‍ പ്രണിയിക്കുന്ന ദിനം
വാലന്റൈന്‍ ഡേയെന്ന ചതിദിനം
കടലു കടന്നെത്തുന്ന കച്ചവട തന്ത്രം
കടലാസു പൂക്കളും,ക്രിത്രിമ ഹൃദയങ്ങളും
കുത്തിക്കുറിക്കുവാന്‍ കടമെടുത്ത വാക്കുകളും
ഇന്നലെകളില്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
എന്റെ നാളെകളിലും നിന്നോടുള്ള പ്രണയമുണ്ട്
ഇന്നൊരു നാള്‍ ഞാന്‍ നിന്നെ പ്രണിയിക്കില്ല!!
എന്റെ വിശുദ്ധമായ പ്രണയത്തെ
ഒരു ദിവസത്തിലൊതുക്കാനാവില്ലെനിക്ക്
ഇന്ന് പ്രണയിക്കാത്തവര്‍ക്ക് പ്രളയമെങ്കില്‍
ആ പ്രളയത്തില്‍ മുങ്ങി മരിക്കാം ഞാ‍ന്‍

Tuesday, February 6, 2007

അരുത്

രുത്!!ഭൂമിയുടെ അകക്കാമ്പില്‍ നിന്നും
വസാനത്തെ നീരുറവയും ഊറ്റിയെടുക്കരുത്
തില്‍ നിങ്ങള്‍ വിഷം കലര്‍ത്തരുത്
രുത്!! പിഞ്ചു കരളിലേക്ക് നിങ്ങള്‍
റിയാതെ ലഹരി കുത്തിവെക്കരുത്
യുസ്സിന്റെ കടിഞ്ഞാണ്‍ കയ്യിലെടുക്കരുത്
മ്രതാണത്..ഞങ്ങളുടെ ജീവജലം
വസാന ശ്വാസവും അകന്ന് പോകുന്നതിനു മുന്‍പ്
ധരം നനക്കാനിത്തിരി ജലം ബാക്കിവെക്കുക
രുത്!! ഞങ്ങളുടെ അവസാനത്തെ
ഗ്രഹത്തെയും നിഷേധിക്കരുത്

Saturday, February 3, 2007

സ്വത്വം

പ്രവാസി!!! നിന്നെ തിരിച്ചറിയുന്നത്
ഒരു കാര്‍ഡിലൂടെയാണ്
അഹങ്കരിച്ച് നടക്കുമ്പോളോര്‍ക്കുക
കീശയില്‍ “ബത്താഖ”യുണ്ടോ എന്ന്
ഇല്ലെങ്കില്‍ നാളത്തെ പത്രത്തില്‍
ഒരജ്ഞാത ജഡമാണ് നീ...

എന്റെ ചിന്തകള്‍

ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും
ചെയ്യുന്നവരുടെ ലോകത്തില്‍
ചിന്തകള്‍ നശിച്ച് കൊണ്ടിരിക്കുന്ന
ഒരു ജീവിയാണ് ഞാന്‍
എന്റെ ചിന്തകള്‍ക്ക്
നിങ്ങള്‍ വില പേശരുത്
അല്പ നേരംകൂടി കാത്തിരിക്കൂ‍.......
അസ്തമയ സൂര്യനോടൊപ്പംഞാനും
നടന്നകലുമ്പോള്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ
പകുത്തെടുക്കാം

എന്നെ ഓര്‍ക്കാ‍നാഗ്രഹിക്കുന്നവര്‍ക്കായ്
എന്റെ പാദമുദ്രകള്‍ മായ്ക്കാതിരിക്കുക

അകലം

സ്വീകരണ മുറിയിലിരുന്ന് നിങ്ങള്‍
പോപ്കോണ്‍ കൊറിച്ച് കൊണ്ട്
ആകാശത്തിനുമപ്പുറത്തെ വിശേഷങ്ങളറിയുമ്പോള്‍
അടുത്ത വീട്ടിലെ അടുക്കളയില്‍
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക്
വിഷം കലര്‍ന്ന കഞ്ഞി പാര്‍ന്നു കൊടുക്കുന്ന
ഒരമ്മയെ കാണാത്തതെന്തേ!!!!!?

Thursday, February 1, 2007

സൈബര്‍ ചിലന്തികള്‍

സര്‍ഫിങ്ങ് ഒരു ഹരമായി മാറിയപ്പോള്‍
മായിക വലയത്തിലെ നായികയായവള്‍
ചങ്ങാതിമാരുടെ നിര നീണ്ടുപോയപ്പോള്‍
നിദ്രയില്ലാത്ത് രാത്രികള്‍ നെറ്റിലായി
അകലെയൊരുവന്‍ തനിക്കു ചുറ്റും
ചതിവല നെയ്യുന്നതറിയാതെ
ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നവള്‍
ഒടുവില്‍ കുരുക്കിനുള്ളില്‍ കിടന്നു പിടയുമ്പോള്‍
വിഷം ഞരമ്പുകളിലേക്ക് പ്രവഹിക്കുന്നതറിഞ്ഞവള്‍
വിഷമൊരു വിത്ത് മുളപ്പിച്ചപ്പോള്‍
തീവണ്ടിപ്പാതയില്‍ പൂമ്പാറ്റ ചലനമറ്റു
ചങ്ങാതിയപ്പോള്‍ വേറൊരു വല തീര്‍ത്ത്
പുതിയൊരു പൂമ്പാറ്റ വരുന്നതും കാത്തിരുന്നു

തിരിച്ചറിവ്

സ്വപ്നങ്ങള്‍ ചിതലെടുക്കും മുന്‍പെ
ഓര്‍മ്മകളില്‍ മാറാല കെട്ടും മുന്‍പെ
എന്നെ നീ തിരിച്ചറിയുക...
ഒരു പുതപ്പിനുള്ളിലെ രണ്ട് ശരീരങ്ങളല്ല നാം
രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണെന്ന്
സഖി നീയെന്നെ അറിഞ്ഞില്ലെങ്കില്‍
ലോലമായൊരെന്‍ ഹ്രദയത്തില്‍ നിന്നും
ചിന്തകള്‍ ബോധമണ്ഡലങ്ങളെയാക്രമിച്ച്
വേദന!! ഒരു സുനാമിയായ് വന്ന്
എന്നെ ആവാഹിച്ചേക്കാം

നമ്മള്‍

ഇന്നലെകളിലന്യരെങ്കിലും
ഇന്നിന്റെ കൈവഴികളിലൂടെ
കൈകോര്‍ത്ത് നടക്കയാണ് നാം
മറക്കാം...നമുക്ക്
കയ്പേറിയ ഇന്നലെകളെ
തല ചായ്ക്കാന്‍ പരസ്പരം
തോളുകള്‍ കടമെടുക്കാം
ഹ്രദയത്തിന്റെ മുറിപ്പാടുകള്‍
സ്നേഹം കൊണ്ടുണക്കാം
ഞാനും നീയുമിനിയില്ലാ..
ഇനി നമ്മള്‍ മാത്രം

Friday, January 26, 2007

എന്റെ കൂട്ടുകാരിക്ക്

എനിക്കെങ്ങനെ നിന്നെ പിരിയാനാകും?
നീ അകലുമ്പോള്‍ മേഘങ്ങള്‍ ഉരുണ്ട്കൂടുന്നത്
മാനത്തൊ അതോ എന്റെ മനസ്സിലോ?
വര്‍ഷിക്കുന്നതെന്റെ നയനങ്ങളില്‍ നിന്നു മാത്രം
മഞ്ഞ് പെയ്യുന്ന പ്രഭാതവും മന്ദമാരുതനും
കനലുകളെരിയുന്നതെന്‍ മനസ്സില്‍ മാത്രം
ഇത്ര ക്രൂരമൊ വിരഹ വേദന!!!!
ഹ്രദയത്തെ രണ്ടായി വേര്‍പെടുത്തിയ പോലെ
നിഴലു പോലും എന്നില്‍ നിന്നും അകലുന്ന പോലെ
ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്ന പോലെ
ചിരിക്കാനായ് ഞാന്‍ ശ്രമിക്കുമ്പോഴും
കണ്ണുകള്‍ നിറയുന്നുവോ?
കൂട്ടുകാരീ നീ അരികിലുണ്ടാവുമെങ്കില്‍
ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം മറക്കാം

Tuesday, January 23, 2007

കാത്തിരിപ്പ്

ജീവിതത്തോണിയുമായ് ഇറങ്ങിത്തിരിച്ചപ്പോള്‍
ഞാനറിഞ്ഞില്ല സഖീ ക്ലേശമേറിയതെന്തെന്ന്
തിരയോ അതോ ആഴമോ?
തിരകളോട് മല്ലിട്ടപ്പോള്‍
ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടു
അടിത്തട്ടില്‍ നിന്നും പൊങ്ങിവന്ന്
വീണ്ടും തുഴഞ്ഞു തുടങ്ങി
തിരകള്‍ മെല്ലെയടങ്ങിയപ്പോള്‍..
പച്ചപ്പ് കണ്ണിലണിഞ്ഞപ്പോള്‍ ..
കൂട്ടുകാരീ നീയുമൊരുനാള്‍ എന്റെ
കളിത്തോണിയില്‍ കാലെടുത്ത് വെച്ചു
ഇനി ഞാനുമുണ്ട് തുഴയാനെന്ന് പറഞ്ഞ്
നീ എന്‍ ചാരെ നിന്നില്ലെ!!!!
കുഞ്ഞോളങ്ങളിലൂടെ ഇളംതെന്നലേറ്റ്
നമ്മള്‍ നീങ്ങിയപ്പോള്‍ ..
എന്തിനായ് നീ വീണ്ടുമകന്നു നിന്നു?
ഇന്നിതാ കരങ്ങള്‍ തളര്‍ന്നു ഞാന്‍
വീണ്ടുമലയുന്നു തിരകള്‍ക്കു മീതെ
ഇനിയൊരു ലക്ഷ്യത്തിലെത്താന്‍ നീ കൂടി വേണം
വരൂ ഇനി നമുക്കൊരുമിച്ച് തുഴയാം
കൊച്ചു കൊച്ചു ദീപുകളില്‍ വിശ്രമിക്കാം
പിന്നെ സ്വപ്നത്തിന്റെ മുളം കാടുകളില്‍
കുരുവികളെ പോലെ കൂട് കൂട്ടാം

Monday, January 22, 2007

ഭയമാണ് നിന്നെ..ഭയമാണെനിക്ക്..
എന്റെ നേരെ മുഖം തിരിച്ച്
ചുമരില്‍ ഒട്ടിക്കിടക്കുന്ന്
ഒന്നരക്കാലില്‍ വേച്ചു വേച്ചു നടക്കുന്ന
നിന്നെ കാണുമ്പോള്‍ ഒരു തരം വേവലാതി,
രാത്രിയില്‍ ഉറക്കം വരാതെ ടി വി കണ്ടിരിക്കുമ്പോള്‍
കാലത്ത് സുഖസുഷുപ്തിയില്‍ നിന്നും

മെല്ലെ ഞാ‍ന്‍ കണ്ണ് തുറക്കുമ്പോള്‍
ഒരു സുലൈമാനിയുമായ് പത്രം വായിക്കുമ്പോള്‍
പിന്നെ പ്രഭാതക്രിത്യങ്ങള്‍ കഴിഞ്ഞ് ഡ്രസ്സ് ചെയ്യുമ്പോള്‍
എപ്പോഴും എന്നെ നീ പേടിപ്പിച്ച് കൊണ്ടിരിക്കുന്നു

നീ മുന്നോട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍
പിന്നോട്ടേക്ക് കുതിച്ച് കൊണ്ടിരിക്കുന്നത്

എന്റെ ജീവിതമാണ്

Friday, January 19, 2007

ഞാന്‍ പരേതനായ കഥ

( ഇതൊരു സംഭവ കഥ )
ആദ്യമായ് ദുബായ് കേന്ദ്രീകരിച്ച് തുടങ്ങിയ Middle East Televisionഎന്ന മലയാളം ചാനല്‍
അതില്‍ എല്ലാ വെള്ളിയാഴചയും“ ലൈവ് മ്യൂസിക്” പരിപാടി ഉണ്ടായിരുന്നു
ഫാത്തിമ എന്ന ഒരു കുട്ടിയായിരുന്നു അതു അവതരിപ്പിച്ചിരുന്നത്
ഒരു വെള്ളിയാഴ്ച ഞാനും എന്റെ സുഹ്രുത്ത് ഷാഗറും കൂടി പ്രോഗ്രാം
കണ്ടുകൊണ്ടിരിക്കെ അതില്‍ പങ്കെടുക്കാനായ് മൊബൈല്‍ എടുത്തു
വിളി തുടങ്ങി,,,ചിലപ്പോള്‍ ലൈന്‍ ബിസി,,,പിന്നെ അടിക്കുന്നു എടുക്കുന്നില്ലാ,,
കുറേ നേരത്തെ ശ്രമത്തിനു ശേഷം ഷാഗറിനു ലൈന്‍ കിട്ടി
അപ്പോള്‍ ഞാന്‍ എന്റെ ശ്രമം ഉപേക്ഷിച്ചു,,അവനേയും ടി വി യിലെ
ഫാത്തിമയെയും ശ്രദ്ധിച്ച് ഇരുന്നു,
പിന്നെ അവിടെ നടന്ന സംഭാഷണങ്ങള്‍ ഇങ്ങനെ,
ഫാത്തിമ :- ഹലോ METലൈവ് മ്യുസിക് പ്രോഗ്രാമ്മിലേക്ക് സ്വാഗതം....ഇതാരാണ്?
ഷാഗര്‍ :- ഹലൊ....ഞാന്‍ ഷാഗര്‍ അബുദാബിയില്‍ നിന്നും
ഫാത്തിമ :- എന്തൊക്കെ ഉണ്ട് ഷാഗര്‍ വിശേഷങ്ങള്‍?സുഖമാണൊ?
ഷാഗര്‍ :- അതേ ..നല്ല സുഖം.
ഫാത്തിമ:-ഓ..കെ ഷാഗര്‍,,ഷാഗറിനു ഏതു പാട്ടാണു കേള്‍ക്കേണ്ടത്?
ഷാഗര്‍:- തെങ്കാശിപ്പട്ടണത്തിലെ...കടമിഴിയില്‍ കമലദളം എന്ന ഒരു പാട്ടില്ലെ? അത്
ഫാത്തിമ:- നല്ല അടിപൊളി പാട്ടാണല്ലൊ... ഷാഗര്‍ പാടാറുണ്ടൊ?
ഷാഗര്‍:- ഹേയ്..ഇല്ലാ..
ഫാത്തിമ:- ഈ പാട്ട് ആര്‍ക്കു വേണ്ടിയാ ഷാഗര്‍ ഡെഡിക്കേറ്റ് ചെയ്യുന്നെ?
ഷാഗര്‍:- ഇതു മരിച്ച് പോയ എന്റെ സുഹ്രുത്തിന്റെ ഓര്‍മ്മക്ക്ക്കൂ വേണ്ടിയാ‍..
ഫാത്തിമ:-( മുഖം മ്ലാനമാകുന്നു) ഹയ്യോ സോറി,
ഷാഗര്‍:-ഞാനും എന്റെ സ്നേഹിതന്‍ സിദ്ധിക്കും കൂടി ഈ സിനിമ കാണാന്‍ പോകുമ്പോള്‍
ഒരു ആക്സിഡന്റ് ഉണ്ടായി അവന്‍ മരിച്ച് പോയി,,
ഫാത്തിമ:-(ദു:ഖത്തോടെ) എന്താ ചെയ്യാ..നമ്മളൊക്കെ എപ്പൊഴാ മരിക്കാന്ന് അറിയില്ലല്ലോ,
ഷാഗര്‍:- അതെ..പറയാന്‍ പറ്റില്ല.
(എനിക്ക് രണ്ട് പേരുടെയും മുഖഭാവം കണ്ട് ചിരി വരുന്നു)
ഫാത്തിമ:- ഓ കെ ഷാഗര്‍..താങ്കളുടെ മരിച്ച് പോയ സുഹ്രുത്ത് സിദ്ധിക്കിന്റെ ഓര്‍മ്മക്ക് വേണ്ടി
ഞാന്‍ ഈ പാട്ട് കേള്‍പ്പിക്കാം,,,അവിടെ ആരുടെയൊ ശ്ബ്ദം കേള്‍ക്കുന്നു,,കൂട്ടുകാരാണോ?
ഷാഗര്‍:- എന്റെ സുഹ്രുത്ത് സിദ്ധിക്കാണ്, അവന്‍ ചിരിക്കുന്നതാ‍,,,
ഫാത്തിമ:- അപ്പൊ മരിച്ചു എന്നു പറഞ്ഞത്??( മുഖം ചമ്മുന്നു)

ഷാഗര്‍:- അല്ല..ഇങ്ങനെ പോയാല്‍ ഇവന്‍ പെട്ടന്നു തട്ടിപോകും എന്നു പറയാന്‍ വെണ്ടി സൂചിപ്പിച്ചതാ..
ഫാത്തിമ:- (ഒരു വളിച്ച ചിരിയോടെ)...എന്നാലും ലൈവ് ആയി തന്നെ നിങ്ങള്‍ എന്നെ പറ്റിച്ചല്ലോ!!
ഫാത്തിമ:- (ചമ്മലോടെ) എതാ‍യലും രണ്ട് പരേതന്മാര്‍ക്കും കൂടി ഞാന്‍ ആ പാട്ടു വെച്ചു തരാം
എന്നു പറഞ്ഞ് ഗാനം കേള്‍പ്പിച്ചു.
ആ സംഭവത്തിനു ശേഷം എപ്പോള്‍ വിളിച്ചാലും ഞാനണെന്നു കേട്ടാല്‍,,ഓഹൊ പരേതനാണൊ
എന്ന് പറഞ്ഞാ സംസാരിക്കാറ്...
ഞാന്‍ ജീവിച്ചിരിക്കെ തന്നെ ആ ചാനല്‍ (MET)പരേതനായി.
ഫാത്തിമ ഇടക്കു വെറെ ഒരു ചാനലില്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതു കണ്ടു
പക്ഷെ ഇപ്പോള്‍ കുറേ ആയി കണ്ടിട്ട്, അറിയില്ല എവിടെ ആണെന്നു, നിങ്ങള്‍
ആരെങ്കിലും കാണുകയാണെങ്കില്‍ ഈ ജീവിച്ചിരിക്കുന്ന പരേതന്റെ അന്വേഷണം പറയുക.
ഒരു വേള ഫാത്തിമ ഇതു വായിക്കാന്‍ ഇടവരല്ലെ എന്ന പ്രാര്‍ത്ഥനയോടെ..പരേതന്‍( ഹി..ഹി)

Saturday, January 13, 2007

ഒരു ഫലസ്തീന്‍ ബാല്യം

ഒലീവ് സമാധാനത്തിന്റെ ചിഹ്നമാണൊ?
എങ്കിലത് വളരുന്നത് ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ചോര കുടിച്ചാണ്
അഭയാര്‍ത്ഥി ക്യാമ്പിലെ കൊച്ചുകൂടാരത്തില്‍ കിടന്നുറങ്ങുമ്പോള്‍
ഉമ്മ എന്നെ കെട്ടിപിടിച്ചിരിക്കും
ഏതു നിമിഷവും അധിനിവേശക്കാര്‍ ആകാശത്തില്‍ തീ മഴ പെയ്യിക്കാം
അതു ഞങ്ങളുടെ നെഞ്ചിലേക്ക് പെയ്തിറങ്ങാം
അപ്പോള്‍ ഞങ്ങളുടെ നെഞ്ചിനെ പിളര്‍ന്നൊഴുകുന്ന ചുടുനിണം
ആഴ്ന്നിറങ്ങുന്നത് ഒലീവിന്റെ വേരിലേക്കാണ്
രാത്രിയില്‍ ദിനോസറിനെ പോലെ വായ തുറന്ന്
ഞങ്ങളുടെ കൂരയെ വിഴുങ്ങാന്‍ വരുന്ന
ബുള്‍ഡോസറിനെ സ്വപ്നം കണ്ട് ഞാന്‍ പൊട്ടിക്കരയുമ്പോള്‍
പ്രാര്‍ത്ഥനാനിരതമായ ഉമ്മയുടെ കരങ്ങള്‍ എന്നെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കാറുണ്ട്
പ്രഭാതത്തില്‍ ഞാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍
എന്നെ മാറോടണച്ചാണ് ഉമ്മ യാത്രയാക്കുന്നത്
ഇതൊരു അവസാനയാത്രയാകല്ലേ എന്ന പ്രാര്‍ത്ഥനയോടെ
എന്റെ പുസ്തക സഞ്ചിയില്‍
സ്ലേറ്റും പുസ്തകവും പിന്നെ ഇത്തിരി കല്ലുകളും
കവചിത വാഹനങ്ങള്‍ ‍ഞങ്ങള്‍ക്കു നേരെ തീ തുപ്പുമ്പോള്‍
എതിരിട്ടു രക്ഷപെടാനുള്ള ഏക ആയുധം
വര്‍ണ്ണക്കൂട്ടുകളുടെ ലോകത്ത് നിങ്ങള്‍ ജീവിക്കുമ്പോള്‍
ഞങ്ങളുടെ സ്വപ്നത്തില്‍ പോലും ചുവപ്പു നിറം മത്രം
ഞങ്ങളുടെ നേതാക്കളെയെല്ലാം തീ തിന്നപ്പോള്‍
ഇന്‍ തിഫാദയെ പെരുവഴിയിലിട്ട അണികള്‍ അന്യോന്യം ചോര ചിന്തുന്നു
ഒരു വേള നിങ്ങള്‍ ഈ വരികള്‍ വായിക്കൂമ്പോഴും
ഒരു ബാല്യം കൂടി ഇവിടെ കുരുതി കൊടുത്തിട്ടുണ്ടാവാം

Saturday, January 6, 2007

സിംഹങ്ങള്‍ ഒന്നിനേയും ഭയക്കുന്നില്ല


കാടടച്ചു ഭരിക്കേണ്ട സിംഹങ്ങള്‍ ഉറങ്ങിക്കൊണ്ടിരുന്നപ്പോള്‍ സൂത്രശാലിയായ കുറുക്കന്‍ ഒരു നാള്‍ സ്വയം രാജാവായി പ്രഖ്യാപിച്ചു. സിംഹങ്ങളെമ്പാടുമുണ്ട് പക്ഷെ സൂത്രശാലിയായ കള്ളക്കുറുക്കനു മുന്നില്‍ അവര്‍ പകച്ച് നിന്നു.ഇനി ഈ കാടു മുഴുവന്‍ ത്ന്റെ കാല്‍ക്കീഴില്‍.എന്നെ അനുസരിക്കാത്തവര്‍ക്ക് ഇനിമേല്‍ നിലനില്‍പ്പില്ലാ. നിങ്ങളുടെ അടുക്കളയില്‍ പാചകം ചെയ്തത് എന്താണെന്നു അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇതു കേട്ടു ചില സിംഹങ്ങള്‍ക്കു സഹിച്ചില്ല, തനിക്കവകാശപ്പെട്ട കാട്ടില്‍ വിലസാന്‍ ഈ കള്ളക്കുറുക്കനേയും അവന്റെ ഏറാന്‍ മൂളികളേയും അനുവദിക്കുകയോ?സ്വന്തം അദ്ധ്വാനവും ശക്തിയും ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ച് തയ്യാറാക്കിയ ഭക്ഷണം ഒരു കള്ളക്കുറുക്കനോ?ഇല്ല ഇതു സ്വാതന്ത്ര്യത്തിനെതിരാണ്.
പക്ഷെ കുറുക്കന്‍ സൂ‍ത്രശാലിയാണ്.അവന്‍ മരപ്പട്ടികളെയും,കുരങ്ങന്മാരെയുമൊക്കെ കൂട്ട് പിടിച്ചു
എതിര്‍ത്ത് നിന്ന സിംഹങ്ങളെ ഒറ്റയാക്കി നേരിട്ടു. കുറുക്കന്റേയും കൂട്ടാളികളുടെയും ചതിക്കു മുന്നില്‍ ചില സിംഹങ്ങള്‍ പൊരുതിത്തോറ്റു.
അഭിമാനിയായ ഒരു സിംഹം മാത്രം തോല്‍വി സമ്മതിക്കാതെ അവസാനം വരെ സ്വന്തം കാട്ടിനുള്ളില്‍ കിടന്നു പൊരുതി,വെറുമൊരു കുറുക്കനും കിങ്കരന്മാര്‍ക്കും മുന്നില്‍ അടിയറ പറയാനുള്ളതല്ല സിംഹത്തിന്റെ ജീവിതം,
എന്നില്‍ രാജരക്തമാണ്,ഇതെന്റെ മാത്രം കാട് മരിക്കുന്നെങ്കില്‍ ഈ കാട്ടില്‍ തന്നെ.ഒരു പാലായനം അചിന്ത്യം,കുറുക്കന്മാരുടെ പട നാലു ഭാഗ്ത്തു നിന്നും വളഞ്ഞ്പ്പോഴും അവന്‍ പൊരുതി,വര്‍ദ്ധിച്ച ശൌര്യത്തോടെ, സ്വന്തം കൈകാലുകള്‍ തന്നെ വഞ്ചിക്കുന്നതായി സിംഹമറിഞ്ഞൂ.എതിരാളി കുറുക്കന്മാരാണ് തന്റെ കൂടെയുള്ളവരെ ഇറച്ചിക്കഷണം കാട്ടി വശീകരിച്ചിരിക്കുന്നു,അവരുമിപ്പോള്‍ കുറുക്കന്മാരുടെ കൂടെ
ഒടുവില്‍ ഏകനായപ്പോള്‍ അവനറിഞ്ഞു തനിക്കു ചുറ്റും കുറുക്കന്മാരുടെയും

കൂട്ടാളികളുടെയും നിര.
അവര്‍ സിംഹത്തിന്റെ വാലിലും ചെവിയിലുമൊക്കെ പിടിച്ചു വലിച്ചു,കാട്ടിനുള്ളിലൂടെ ആനയിച്ചു, കൊട്ടും കുരവയുമായി.
ദു:ഖം സഹിക്കാനാവാതെ മാടപ്രാവുകള്‍ കുറുകി,മാനുകള്‍ കണ്ണീരൊലിപ്പിച്ചു.
ഒന്നുമറിയാത്ത കഴുതകള്‍ മാത്രം ചിരിച്ചു കൊണ്ടിരുന്നു.
പിന്നെ കുറുക്കന്മാരുടെ കാല്‍ക്കീഴിലെങ്കിലും സിംഹം ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു.
അവര്‍ സിംഹത്തിനെ കുറ്റവിചാരണ നടത്തി,പെട്ടന്നൊരുനാള്‍ അവര്‍ സിംഹത്തിനെ ചെന്നായയുടെ അകമ്പടിയോടെ കൊലമരത്തിലേക്കാനയിച്ചു,
കുറുക്കന്‍ പറഞ്ഞു “നീ പ്രജകളെ വഞ്ചിച്ച രാജാവ്,ഞാന്‍ ഇവരുടെ രക്ഷകന്‍”
കൊലക്കയര്‍ കഴുത്തിലണിഞ്ഞ സിംഹം ഗര്‍ജ്ജിച്ചു

“ഒരിക്കലുമല്ല രാജാ‍വ് ഞാന്‍ തന്നെ,
ഇതെന്റെ കാട്
നീ സൂത്ര ശാലിയായ കള്ളകുറുക്കനാണ് എന്റെ പ്രജകളെയും കാടിനെയും നശിപ്പിക്കാന്‍ വന്നവന്‍”
ഈ കറുത്ത നിന്റെ നിറമുള്ള മൂടുപടം എനിക്കു വേണ്ട..എന്റെ പ്രജകള്‍ എന്നെ കാണട്ടെ..സിംഹങ്ങള്‍
ഒന്നിനെയും ഭയക്കാറില്ല....മരണത്തെപ്പോലും.
ഒരു നിമിഷം സിംഹത്തിന്റെ ജീവന്‍ ആകാശത്തിലേക്കുയര്‍ന്നു..
കുറുക്കന്മാര്‍ ഓരിയിട്ടു..
അപ്പോഴും പ്രാവുകള്‍ കുറുകുകയും മാനുകള്‍ കണ്ണീരൊലിപ്പിക്കുകയും
കഴുതകള്‍ ചിരിച്ച് കൊണ്ടിരിക്കുകയും ചെയ്തു.

Monday, January 1, 2007

ചാരിത്ര്യം

രാത്രിയേറെയായ്,,വിജനമായ വഴിയിലൂടെ
ഒരു യാത്രയുടെ ആലസ്യവുമായ് ക്ഷീണത്തോടെ ഞാന്‍ നടന്നു
കുറച്ചേറെ ചെന്നപ്പോള്‍ അകലെ വിളക്കു കാലിനരികിലായ് ഒരാള്‍ രൂപം
അടുത്ത് ചെന്നു നോക്കി,,

ഒരു പെണ്‍കുട്ടി ആ മഞ്ഞ വെളിച്ചത്തില്‍ എന്തോ തിരഞ്ഞ് കൊണ്ടിരിക്കുന്നു.
എന്നെ കണ്ടവള്‍ ഇരൂ ട്ടിലേക്കു മാറി,,എങ്കിലും അവളുടെ പേടിച്ചരണ്ടു തുറിച്ച് നോക്കുന്ന
ആ കണ്ണുകള്‍ എനിക്കു കാണം
ഞാന്‍ അവളോടു ചോദിച്ചു ,,സഹോദരീ എന്താണിങ്ങനെ പരതി നടക്കുന്നത്?

എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?
ആ ഇരുട്ടില്‍ നിന്നുമിത്തിരി മുന്നോട്ടു വന്നവള്‍ പറഞ്ഞു,,,“എന്റെ ചാരിത്ര്യം
അപ്പോള്‍ അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും മുഖത്തെ ചോരപ്പാടുകളും

എന്നിലെ പുരുഷനെ നോക്കി പരിഹാസ്യമായി ചിരിച്ചു.

പുതുവത്സരാശംസകള്‍

ഓരോ വര്‍ഷത്തേയും നമ്മള്‍ എതിരേല്‍ക്കുന്നത് ഒരു പാട് പ്രതീക്ഷകളോടെയാണ്,
പക്ഷെ ശുഭകരമല്ലാത്ത ചിലതൊക്കെ നമുക്ക് വരവേല്‍ക്കേണ്ടി വരുന്നു,
എങ്കിലും നമുക്ക് ശുഭപ്രതീക്ഷ കൈവിടാതെ 2007 ലേക്കു പാദമൂന്നാം,
ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും നല്ലതു മാത്രം ഭവിക്കട്ടെ,
നിങ്ങള്‍ക്ക് എന്റെ ഹ്രദയം നിറഞ്ഞ പുതുവത്സരാശംസകള്‍...