Saturday, February 24, 2007

നിസാമും ഞാനും പിന്നെ സ്നേക് പാര്‍ക്കിലെ കുരങ്ങനും

ഒരു അവധിക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ നാട്ട് നടപ്പനുസരിച്ച്
ഒരു ബൈക്കും വാങ്ങി അതില്‍ പെട്രോളടിച്ച് കത്തിച്ച് കളയുന്ന സമയം
കൂട്ടിനു ഖത്തറില്‍ നിന്നും വന്ന നിസാമും ഉണ്ട്
(ഞങ്ങളവനെ എക്സ്പ്രെസ്സ് നിസാം എന്ന് വിളിക്കും)
കാരണം?..കമ്പനി മണിക്കൂറില്‍ 100 കി.മി. അവകാശപ്പെടുന്ന
ഒരു ബൈക്ക് നിസാം 110 സ്പീഡില്‍ ഓടിക്കും
ഒരു ദിവസം നിസാമാണ് പറഞ്ഞത് നമ്മള്‍ക്കൊന്ന്
സ്നേക് പാര്‍ക്കില്‍ പൊയാലൊ?
ഞാനില്ലാന്ന് പറയാന്‍ വേറേ ആളെ നോക്കണം
അങ്ങിനെ ഞാനും നിസാമും കൂടി അടുത്ത ദിവസം തന്നെ
സ്നേക്പാര്‍ക്കിലേക്ക് കുതിച്ചു
സ്നേക് പാര്‍ക്ക്
കണ്ണൂരിന്റെ രാഷ്ട്രീയപകയില്‍ കത്തിയെരിയുകയും ഒരു
ഫീനിക്സ് പക്ഷിയെപോലെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത സ്നേക്പാര്‍ക്ക്
ഗേറ്റ് കടന്ന് നേരെ പോയത് രാജാവിന്റെ അടുത്തേക്കാണ്
ഹിസ് ഹൈനസ്സ് കിങ് കോബ്ര..ആഫ്രിക്കന്‍ വനാന്തരങ്ങളിലെ രാജാവ്!!
അടിപൊളി എയര്‍കണ്ടീഷന്‍ഡ് കൊട്ടാരത്തില്‍ തലയിലൊരുഗ്രന്‍ കിരീടവും
ധരിച്ച് തല ഉയര്‍ത്തിപ്പിടിച്ചങ്ങനെ ഇരിക്കുന്നു,
രാജാവിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ രാജഭക്തി ഇല്ലെങ്കിലും
ഭയം വേണ്ടുവോളം ഉണ്ടായിരുന്നു.
അങ്ങിനെ അതിനകത്ത് ജീവനുള്ളതും ഇല്ലാത്തതുമായ

(നേരത്തെ തീയില്‍ ചത്തുപോയ ചില
അപൂര്‍വ്വജീവികളെ സ്റ്റഫ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു)
പക്ഷി, ഉരഗ, മൃഗാദികളെ കണ്ടങ്ങനെ കറങ്ങി നടന്നു
ഇതിനിടെ പാമ്പുകളുടെ ഡെമൊ എടുക്കുന്ന സ്ഥലത്ത് എത്തി
ഒരു ചെറിയ കിണര്‍ പോലെയുള്ള കുഴിയില്‍
സര്‍വ്വമത പാമ്പുകളുടെ സംസ്ഥാനസമ്മേളനം എന്നു തോന്നിക്കുന്ന വിധത്തില്‍
പാമ്പുകളുടെ ഒരു കൂട്ടം..അതിനു നടുവില്‍ നിന്നു കൊണ്ട് ഒരു സുഹ്രുത്ത്
പാമ്പുകളുടെ ഇഷ്ടഭക്ഷണം,ഇഷ്ടപ്പെട്ട ഉടുപ്പ്, ഇഷ്ടസീരിയല്‍,
പാമ്പുകടിച്ചാല്‍ ഇക്കിളിയാകുമൊ,കള്ള് കുടിച്ചാല്‍ പാമ്പാകുന്നതെങ്ങനെ
പാമ്പ് ക്രിത്യമായി നാളുംസമയവും നോക്കി എങ്ങനെ പകരം വീട്ടും
എന്നിങ്ങനെയുള്ള ആള്‍ക്കാരുടെ ചോദ്യത്തിനു മറുപടി നല്‍കുന്നു
പിന്നെ ആ സുഹ്രുത്ത് ഒരു വണ്ണമുള്ള പാമ്പിനെ എടുത്ത് മുകളിലേക്കുയര്‍ത്തിപ്പിടിച്ചു
എന്നിട്ട് കൂടി നിന്ന ആള്‍ക്കരോട് തൊട്ടു നോക്കിക്കൊള്ളാന്‍ പറഞ്ഞു
ചിലരതിനെ ധൈര്യപൂര്‍വ്വം തൊട്ടു

ചില പെണ്ണുങ്ങളും കുട്ടികളുമൊക്കെ
കണ്ണ് ഇറുക്കിയടച്ച് ദൂരെ മാറിനിന്ന് അതിലും ധൈര്യത്തില്‍ തൊട്ടു
അപ്പോള്‍ എനിക്കൊരാഗ്രഹം പാമ്പ് വേലായുധനായൊരു ഫോട്ടൊ എടുത്താലൊ?

സര്‍പ്പ യജ്ഞം
ഞാനാസുഹ്രുത്തിനോട് കാര്യം പറഞ്ഞു, അയാള്‍ ആ വലിയ പാമ്പിനെ എന്റെ കൈയില്‍ തന്നു
ഒരു ക്രിത്രിമ ധൈര്യത്തോടെ ഞാനതിനെ കയ്യിലെടുത്തു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്തു
നിസാം ക്യാമറയുമായ് എന്നെ ഷൂട്ട് ചെയ്യാന്‍ നില്‍ക്കുന്നു
പാമ്പിന്റെ ഒത്ത നടുവിലാണെന്റെ പിടി,, ഇപ്പോള്‍ പാമ്പിന്റെ തല ആ കുഴിയിലേക്ക്നീട്ടിയിരിക്കയാണ്..
അതാ‍... ആ തല തിരിഞ്ഞ് എന്റെ നേരെ വരുന്നു..
ടാ‍.... വേഗം എടുക്കെടാ....
കാമറ ക്ലിക് ആവുന്നില്ലാ‍..
പാമ്പ് തല പൊക്കി എന്നെ നോക്കുന്നുവോ? എന്റെ മുഖത്തെ ധൈര്യമൊക്കെ പമ്പകടന്നോ?
ആള്‍ക്കരൊക്കെ എന്നെ നോക്കി ചിരിക്കുന്നു.നിസാമിന്റെ ക്യാമറ മാത്രം കണ്ണ് തുറക്കുന്നില്ല.
പാമ്പിപ്പൊ എന്റെ നെഞ്ചില്‍ തന്നെ കടിക്കും
ഞാനൊരു രക്തസാക്ഷിയാകന്‍ പോകുന്നു.പാമ്പിന്റെ മേല്‍ ഉള്ള എന്റെ പിടി മുറുകുന്നുവൊ?
അതിനെ മുറുക്കിപ്പിടിക്കല്ലേ!!!
സംഭവം പന്തിയല്ലെന്നു തോന്നിയ പാമ്പിന്റെ കാവല്‍ക്കാരന്‍ പറയുന്നു
ഇതാ പിടിച്ചോ.... ഞാന്‍ എന്റെ കൈകള്‍ പരമാവധി നീട്ടിപിടിച്ച് പാമ്പിനെ
കുഴിയിലെ സുഹ്രുത്തിനു തന്നെ കൈ മാറി...
മെല്ലെ കണ്ണുകള്‍ തുറന്നു..ഹോ..ജീവനോടെ ഉണ്ട്.
നിസാം അപ്പോഴും ക്യാമറയും പിടിച്ച് ഒരു ശില്പംപോലെ നില്‍ക്കുന്നു..
അവിടെ നിന്നും ഞാന്‍ അവനേയും കൂട്ടി ചമ്മലോടെ മെല്ലെ മുങ്ങി
പ്ലാസ്റ്റിക് മുതല

പിന്നെ പൊങ്ങിയത് കുറച്ചകലെ മുതലകളുടെ സങ്കേതത്തിനടുത്താണ്.
മുതലയമ്മാവന്മാരും അമ്മായിമാരും വെയിലുകൊണ്ടുറങ്ങുന്നു
കാസര്‍ഗോഡ് നിന്നും വന്ന കുറച്ച് സ്കൂള്‍ കുട്ടികള്‍ ചെറിയ കല്ലുകള്‍ എടുത്ത്
മുതലകളുടെ മേല്‍ ഇടുന്നു..പാറ പോലെ ഉള്ള ശരീരത്തില്‍ ഒരു ഇക്കിളി പോലും
ഉണ്ടാക്കുന്നില്ല,, അവര്‍ കണ്ണ് തുറക്കാതെ അങ്ങനെ കിടക്കുന്നു
ടാ.. ഇത് പ്ലാസ്റ്റിക്കാടാ....ഡൂപ്ലിയാ...
ക്ഷമിക്കണം..ഇതിലെവിടാ കുരങ്ങന്‍??
കഥാനായകന്‍ അഥവാ കുരങ്ങന്‍
ഞങ്ങള്‍ പിന്നെ എത്തിച്ചേര്‍ന്നത് സ്വഭാവംകൊണ്ട് നമ്മുടെ പൂര്‍വ്വികരെന്ന്
തോന്നിക്കുന്ന കുരങ്ങന്മാരുടെ അടുത്താണ്
അവിടെ നിന്നു കൊണ്ട് അവരുടെ കുസൃതികള്‍ ആസ്വദിക്കുന്നതിനിടെ
ഞാന്‍ പോക്കറ്റില്‍ നിന്നും ബത്തൂഖിന്റെ ഒരു ബനാന ച്യുയിങ്ഗം
വായിലിട്ട് ചവക്കാന്‍ തുടങ്ങി..അതിന്റെ മണം കേട്ടിട്ടാണെന്ന് തോന്നുന്ന്
ഒരു കുരങ്ങച്ചാര്‍ വന്ന് എന്റെ നേരെ കൈ നീട്ടി
ദയ തോന്നിയ ഞാന്‍ ഒരെണ്ണമെടുത്ത് കവറൊക്കെ കളഞ്ഞ് അതിന്റെ
കയ്യില്‍ വെച്ച് കൊടുത്തു..
കൂട്ടുകാരെ ഇനിയാണ് സംഭവത്തിന്റെ തുടക്കം
എനിക്ക് താങ്ക്യു പറഞ്ഞ് ച്യുയിങ്ഗം വായിലിട്ട് കുരങ്ങന്‍ ചവച്ച് തുടങ്ങി
അവന്റെ സ്നേഹിതന്മാരെ പോലെ ഞാനും നിസാമും അത് കണ്ടങ്ങനെ നിന്നു
കുറേ നേരം ചവച്ചിട്ടും തീരാത്ത സാധനം കുരങ്ങനെ ചിന്തിപ്പിച്ചു എന്നു തോന്നുന്നു
കുരങ്ങനത് മെല്ലെ കയ്യിലേക്ക് തന്നെ തുപ്പി...

എന്നിട്ട് രണ്ട് കയ്യും കൊണ്ട് അമര്‍ത്തിപ്പിടിച്ചു..അതാ...കുരങ്ങന്റെ രണ്ട് കൈകളും
ഒട്ടിപ്പിടിക്കുന്നു..കൈകള്‍ വലിച്ചപ്പോള്‍ നൂലുപോലെ വലിഞ്ഞ് വന്നു..
അത് ശരീരത്തിലേക്ക് കൈകൊണ്ട് ഉരസാന്‍ തുടങ്ങി...അവിടൊക്കെ പശപോലെ
ച്യുയിങ്ഗം പറ്റിപ്പിടിച്ചു....പിന്നെയും കടിക്കുന്നു...ഇടക്ക് എന്നെ നോക്കി തെറി പറഞ്ഞോ??
ദേഹമാസകലം ഉണ്ടനൂല്‍ ചുറ്റിയപോലെ കുരങ്ങന്‍. ആദ്യം രസിച്ചുനിന്ന ഞങ്ങള്‍ക്ക്
പിന്നെ സംഗതി ഗൌരവമുള്ളതാണെന്ന് മനസ്സിലായി.
എന്നെയും കൂട്ടി അവിടെ നിന്ന് ഗാര്‍ഡുകള്‍ കാണാതെ തടി രക്ഷപ്പെടുത്തുമ്പോള്‍
നിസാം പറഞ്ഞു..“ ഹൊ നിന്നെ കൊണ്ടുള്ള ഒരൊ പൊല്ലാപ്പ്!!”
(സംഭവം എനിക്ക് അറിയാതെ പറ്റിയതാണെങ്കിലും ഇന്നുമോര്‍ക്കുമ്പോള്‍
വിഷമം തോന്നാറുണ്ട്)

No comments: