Wednesday, March 14, 2007

സുരയ്യ തിളങ്ങുമാകാശം


നിര്‍മാതളത്തോടൊപ്പം പിച്ചവെച്ച്..
മലയാളത്തിന്‍ ഹൃദയത്തില്‍ പന്തലിച്ച മാധവിക്കുട്ടി
നാലുകെട്ടില്‍ തടവിലിട്ട യൌവ്വനത്തിന്റെ നേരറിവുകള്‍
നാലുദിക്കും ഭേദിച്ച് പുതിയൊരറിവായ് മാറി
ജീവിതം വെറുമൊരു സഫറാണെന്ന തിരിച്ചറിവില്‍
ഗമനം ചെയ്ത പാതയിലെ പട്ടുമെത്തയേക്കാള്‍
ഗമിക്കേണ്ട പാതയിലെ സ്നേഹമാണെല്ലാ..
മെന്നറിഞ്ഞ നാള്‍ തൊട്ട്
വിശിഷ്ട നക്ഷത്രമായ് തിളങ്ങാന്‍ കൊതിച്ചപ്പോള്‍
ആകാശം നിഷേധിച്ചവര്‍ ശ്ലീലമല്ലാത്ത ഭാഷയില്‍
അക്ഷരങ്ങള്‍ കൊണ്ട് കല്ലെറിഞ്ഞു
ഒടുവില്‍..
നാലുകെട്ടും..തുളസിത്തറയും..നിര്‍മാതളത്തിന്‍ പൂക്കളും
സാക്ഷി നില്‍ക്കെ...
സുരയ്യ യാത്രയായ്..പുതിയൊരാകാശം തേടി...എങ്കിലും
എന്നുള്ളമെന്നോടു മന്ത്രിക്കുന്നു
ഒരായിരം ഹൃദയാകാശങ്ങള്‍ ഈ മണ്ണിലിനിയും ബാക്കി..
അണയാതെ സൂക്ഷിക്കാം ഞങ്ങളീ വിശിഷ്ട നക്ഷത്രത്തെ

Friday, March 9, 2007

യാത്ര....

യാത്ര...
പ്രഭാതത്തിലൂടെ..മദ്ധ്യാഹ്നത്തിലൂടെ..
സായാഹ്നത്തിലൂടെ..നിശയിലൂടെ..

മന്ദസ്മിതത്തിലൂടെ..പൊട്ടിച്ചിരിയിലൂടെ..
അട്ടഹാസത്തിലൂടെ...കണ്ണീരിലൂടെ..

മഞ്ഞിലൂടെ..മഴയിലൂടെ..വെയിലിലൂടെ
പാതവരമ്പിലൂടെ...പാറക്കെട്ടുകളിലൂടെ..
കടല്‍ത്തീരത്തിലൂടെ...മരുഭൂമിയിലൂടെ

അമ്മയിലൂടെ...കൂട്ടുകാരിയിലൂടെ...
കാമിനിയിലൂടെ.....ഭാര്യയിലൂടെ..

മോഹങ്ങളിലൂടെ..സ്വപ്നങ്ങളിലൂടെ..
യാഥാര്‍ത്ഥ്യങ്ങളിലൂടെ..
ഇന്നലെകളിലൂടെ..ഇന്നിലൂടെ..
യാത്ര തുടരുകയാണ്..
വെളിച്ചത്തിലൂടെ...ഇരുട്ടിലേക്ക്..!!?

വാര്‍ദ്ധക്യത്തിലേക്കുള്ള ദൂരം

ഊന്നുവടി ചാരി വെച്ച് ചെരിപ്പുകളഴിച്ചിട്ട്
അയാള്‍ എന്റെ അടുത്തിരുന്നു
ഞാന്‍ അയാളഴിച്ചിട്ട ആ ചെരിപ്പില്‍
തന്നെ ശ്രദ്ധിച്ചിരിന്നു...
വാറുകള്‍ തുന്നിച്ചേര്‍ത്ത
വിരലുകളുടെ ഭാഗം ആഴത്തില്‍ കുഴിഞ്ഞ് പോയ
മടമ്പ് വ്രത്തത്തില്‍ കീറിയ
ആ പാദുകം നോക്കി ഞാന്‍ പറഞ്ഞു
തേഞ്ഞു തീര്‍ന്നല്ലോ ഇത്.. വേറൊരെണ്ണം വാങ്ങിച്ചൂടെ?
പതിഞ്ഞ സ്വരത്തിലാ‍ണയാള്‍ പറഞ്ഞത്

തേഞ്ഞു തീര്‍ന്നതല്ല..ഞാന്‍ താണ്ടിയ ദൂരമാണത്..
ഇനിയൊരു പാദുകമീ വ്രദ്ധനെന്തിന്?
പിന്നിടാന്‍ കുറച്ച് ദൂരം കൂടിയല്ലെ ഊള്ളൂ
ഞാനയാളുടെ കുഴിഞ്ഞ കണ്ണിലേക്ക് നോക്കി
ആ കണ്ണുകളില്‍ എന്റെ വാര്‍ദ്ധക്യം ഞാന്‍ കണ്ടു

Sunday, March 4, 2007

നപുംസകങ്ങള്‍


ആണിനെക്കാള്‍ വലുത് പെണ്ണെന്നും
പെണ്ണിനെക്കാള്‍ വലുത് ആണെന്നും
ആണ്‍ പെണ്‍ പോര് തുടര്‍ന്നപ്പോള്‍
ആണിന് ഒരു ലോകവും
പെണ്ണിനൊരു ലോകവും നല്‍കി

പെണ്ണില്ലാത്ത ലോകത്ത്...
ആണില്‍ പകുതി പെണ്ണായി
ആണില്ലാത്ത ലോകത്തെ...
പെണ്ണില്‍ പാതി ആണായി
അങ്ങിനെ..

ആണും പെണ്ണും കെട്ടവരുണ്ടായി

Thursday, March 1, 2007

ചിറകറ്റവര്‍

കൈകളില്‍ തുഴഞ്ഞയാള്‍
ആള്‍ക്കൂട്ടത്തിനിടയില്‍
ഇടക്ക കൊട്ടി പാടുമ്പോള്‍
മരവിച്ച മനസ്സുകളിലെ വിദ്വേഷം
ചില്ലറ നാണയമായ്
തകരപ്പാത്രത്തില്‍ തട്ടി പ്രതിധ്വനിച്ചു
അകലെ മരക്കൊമ്പിലിരുന്ന കാക്ക പറഞ്ഞു
നിനക്ക് നില്‍ക്കാനീ ചിറകിനാലാവുമെങ്കില്‍
അരിവാളുകൊണ്ടിത് അറുത്തെടുത്തോളു
ഞാനൊരു ജന്മം പിന്നിട്ടവനല്ലെ!!!

ഇടവഴിയിലെ പ്രണയം


ഇടവഴിയില്‍ ഞാനെന്‍ മേനിയൊളിപ്പിക്കുമ്പോള്‍
ജാലകപ്പടിയില്‍ നിന്‍ മുഖം മാത്രം
ചട്ടയിട്ടൊരു ചിത്രം പോല്‍ നീ
മിഴിയെടുക്കാതെന്നെ നോക്കുമ്പോള്‍
ശീമക്കൊന്നയിലോ
ജാലകത്തിന്‍ തുരുമ്പിച്ച കമ്പിയിലോ
എവിടെ നിന്നാണ് പ്രണയം തുടങ്ങുന്നത്
ഹൃദയങ്ങള്‍ക്കിടയില്‍ കല്ലുകള്‍ നിരത്തി
മതിലുകള്‍ തീര്‍ത്തതാരാണ്
തീവ്രാനുരാഗത്തിന്‍ തീജ്വാലകളൊരു നാളീ
ലക്ഷ്മണ രേഖ കരിച്ച് കളയുമ്പോള്‍
സഖീ ജാലകവാതിലമര്‍ത്തിയടക്കുക
നാട്ടു സര്‍പ്പങ്ങള്‍ ഫണമുയര്‍ത്തും മുമ്പേ
നമുക്ക് പ്രണയ തീരത്ത് കൂട് കൂട്ടാം