Saturday, June 23, 2007

കലാപം...

ആകാശത്തിലേക്കുയര്‍ത്തിപ്പിടിച്ച വാളുകള്‍
തേടുന്നത് കഴുത്തുകളേയാണ്
വെടിയുണ്ടകള്‍ കാത്തിരിക്കുന്നത്
മാറിടങ്ങളെയാണ്

ആര്‍പ്പു വിളികളും...അട്ടഹാസങ്ങളും..
കൂട്ടക്കരച്ചിലും...പിഞ്ചുകുഞ്ഞിന്‍ തേങ്ങലും..
മാതൃത്ത്വത്തിന്‍ മുന്നിലരുമസന്താനത്തെ
മാറി മാറി ഭക്ഷിക്കുന്നു നരഭോജികള്‍

ഒരു തീപ്പൊരി പുകയായ്..തീയായ്....
തീയൊരു കൊടുങ്കാറ്റായ്...കനലായ്..പിന്നെ ചാരമായ്...
കരിഞ്ഞ മാംസത്തിന്‍ ഗന്ധവും..
കരിയും ചാരവും നിറഞ്ഞ വീഥികളും
താണ്ടി ഞാന്‍ മുന്നേറുമ്പോള്‍......

അവരെന്നെ തേടിയെത്തുന്നു
കയ്യിലുപ്പ് പാത്രവുമായ്
മതേതരത്വത്തിന്‍ മുറിപ്പാടുകള്‍ തേടി..

Saturday, June 16, 2007

കുരുത്തം കെട്ടവന്‍

അയലത്തെ വീട്ടിലെ അയിത്തക്കാരന്‍
ചെക്കന്‍എന്റെ കൂട്ടുകാരനായപ്പോള്‍
അമ്മ വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ഒന്നുമൊന്നും കൂട്ടിയാല്‍ ഒന്നുമല്ലത്
വെറും വെട്ടിപ്പിടിക്കലല്ലാതെ യെന്നു പറഞ്ഞപ്പോള്‍
മാഷ് വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ഓടിക്കളിച്ച മൈതാനം വേലികെട്ടിതിരിച്ചത്
കൂട്ടുകാരോടൊത്ത് ചവിട്ടിപ്പൊളിച്ചപ്പോള്‍
നാട്ടുകാര്‍ വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ദഹിക്കാത്ത വാക്കുകള്‍ കൊണ്ട്
സദ്യയൊരുക്കിയവരെ നോക്കി ഭ്രാന്തരെന്നു കൂവിയപ്പോള്‍
എഴുത്തുകാര്‍ വിളിച്ചെന്നെ“കുരുത്തം കെട്ടവന്‍ ”

ഒടുവില്‍ ഞാനറിയുന്നു
പ്രതികരണത്തിന്‍ മറുവാക്ക്
“കുരുത്തം കെട്ടവനാകുന്നു’