Friday, January 26, 2007

എന്റെ കൂട്ടുകാരിക്ക്

എനിക്കെങ്ങനെ നിന്നെ പിരിയാനാകും?
നീ അകലുമ്പോള്‍ മേഘങ്ങള്‍ ഉരുണ്ട്കൂടുന്നത്
മാനത്തൊ അതോ എന്റെ മനസ്സിലോ?
വര്‍ഷിക്കുന്നതെന്റെ നയനങ്ങളില്‍ നിന്നു മാത്രം
മഞ്ഞ് പെയ്യുന്ന പ്രഭാതവും മന്ദമാരുതനും
കനലുകളെരിയുന്നതെന്‍ മനസ്സില്‍ മാത്രം
ഇത്ര ക്രൂരമൊ വിരഹ വേദന!!!!
ഹ്രദയത്തെ രണ്ടായി വേര്‍പെടുത്തിയ പോലെ
നിഴലു പോലും എന്നില്‍ നിന്നും അകലുന്ന പോലെ
ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്ന പോലെ
ചിരിക്കാനായ് ഞാന്‍ ശ്രമിക്കുമ്പോഴും
കണ്ണുകള്‍ നിറയുന്നുവോ?
കൂട്ടുകാരീ നീ അരികിലുണ്ടാവുമെങ്കില്‍
ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം മറക്കാം

Tuesday, January 23, 2007

കാത്തിരിപ്പ്

ജീവിതത്തോണിയുമായ് ഇറങ്ങിത്തിരിച്ചപ്പോള്‍
ഞാനറിഞ്ഞില്ല സഖീ ക്ലേശമേറിയതെന്തെന്ന്
തിരയോ അതോ ആഴമോ?
തിരകളോട് മല്ലിട്ടപ്പോള്‍
ആഴത്തിലേക്ക് എടുത്തെറിയപ്പെട്ടു
അടിത്തട്ടില്‍ നിന്നും പൊങ്ങിവന്ന്
വീണ്ടും തുഴഞ്ഞു തുടങ്ങി
തിരകള്‍ മെല്ലെയടങ്ങിയപ്പോള്‍..
പച്ചപ്പ് കണ്ണിലണിഞ്ഞപ്പോള്‍ ..
കൂട്ടുകാരീ നീയുമൊരുനാള്‍ എന്റെ
കളിത്തോണിയില്‍ കാലെടുത്ത് വെച്ചു
ഇനി ഞാനുമുണ്ട് തുഴയാനെന്ന് പറഞ്ഞ്
നീ എന്‍ ചാരെ നിന്നില്ലെ!!!!
കുഞ്ഞോളങ്ങളിലൂടെ ഇളംതെന്നലേറ്റ്
നമ്മള്‍ നീങ്ങിയപ്പോള്‍ ..
എന്തിനായ് നീ വീണ്ടുമകന്നു നിന്നു?
ഇന്നിതാ കരങ്ങള്‍ തളര്‍ന്നു ഞാന്‍
വീണ്ടുമലയുന്നു തിരകള്‍ക്കു മീതെ
ഇനിയൊരു ലക്ഷ്യത്തിലെത്താന്‍ നീ കൂടി വേണം
വരൂ ഇനി നമുക്കൊരുമിച്ച് തുഴയാം
കൊച്ചു കൊച്ചു ദീപുകളില്‍ വിശ്രമിക്കാം
പിന്നെ സ്വപ്നത്തിന്റെ മുളം കാടുകളില്‍
കുരുവികളെ പോലെ കൂട് കൂട്ടാം

Monday, January 22, 2007

ഭയമാണ് നിന്നെ..



ഭയമാണെനിക്ക്..
എന്റെ നേരെ മുഖം തിരിച്ച്
ചുമരില്‍ ഒട്ടിക്കിടക്കുന്ന്
ഒന്നരക്കാലില്‍ വേച്ചു വേച്ചു നടക്കുന്ന
നിന്നെ കാണുമ്പോള്‍ ഒരു തരം വേവലാതി,
രാത്രിയില്‍ ഉറക്കം വരാതെ ടി വി കണ്ടിരിക്കുമ്പോള്‍
കാലത്ത് സുഖസുഷുപ്തിയില്‍ നിന്നും

മെല്ലെ ഞാ‍ന്‍ കണ്ണ് തുറക്കുമ്പോള്‍
ഒരു സുലൈമാനിയുമായ് പത്രം വായിക്കുമ്പോള്‍
പിന്നെ പ്രഭാതക്രിത്യങ്ങള്‍ കഴിഞ്ഞ് ഡ്രസ്സ് ചെയ്യുമ്പോള്‍
എപ്പോഴും എന്നെ നീ പേടിപ്പിച്ച് കൊണ്ടിരിക്കുന്നു

നീ മുന്നോട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍
പിന്നോട്ടേക്ക് കുതിച്ച് കൊണ്ടിരിക്കുന്നത്

എന്റെ ജീവിതമാണ്

Friday, January 19, 2007

ഞാന്‍ പരേതനായ കഥ

( ഇതൊരു സംഭവ കഥ )
ആദ്യമായ് ദുബായ് കേന്ദ്രീകരിച്ച് തുടങ്ങിയ Middle East Televisionഎന്ന മലയാളം ചാനല്‍
അതില്‍ എല്ലാ വെള്ളിയാഴചയും“ ലൈവ് മ്യൂസിക്” പരിപാടി ഉണ്ടായിരുന്നു
ഫാത്തിമ എന്ന ഒരു കുട്ടിയായിരുന്നു അതു അവതരിപ്പിച്ചിരുന്നത്
ഒരു വെള്ളിയാഴ്ച ഞാനും എന്റെ സുഹ്രുത്ത് ഷാഗറും കൂടി പ്രോഗ്രാം
കണ്ടുകൊണ്ടിരിക്കെ അതില്‍ പങ്കെടുക്കാനായ് മൊബൈല്‍ എടുത്തു
വിളി തുടങ്ങി,,,ചിലപ്പോള്‍ ലൈന്‍ ബിസി,,,പിന്നെ അടിക്കുന്നു എടുക്കുന്നില്ലാ,,
കുറേ നേരത്തെ ശ്രമത്തിനു ശേഷം ഷാഗറിനു ലൈന്‍ കിട്ടി
അപ്പോള്‍ ഞാന്‍ എന്റെ ശ്രമം ഉപേക്ഷിച്ചു,,അവനേയും ടി വി യിലെ
ഫാത്തിമയെയും ശ്രദ്ധിച്ച് ഇരുന്നു,
പിന്നെ അവിടെ നടന്ന സംഭാഷണങ്ങള്‍ ഇങ്ങനെ,
ഫാത്തിമ :- ഹലോ METലൈവ് മ്യുസിക് പ്രോഗ്രാമ്മിലേക്ക് സ്വാഗതം....ഇതാരാണ്?
ഷാഗര്‍ :- ഹലൊ....ഞാന്‍ ഷാഗര്‍ അബുദാബിയില്‍ നിന്നും
ഫാത്തിമ :- എന്തൊക്കെ ഉണ്ട് ഷാഗര്‍ വിശേഷങ്ങള്‍?സുഖമാണൊ?
ഷാഗര്‍ :- അതേ ..നല്ല സുഖം.
ഫാത്തിമ:-ഓ..കെ ഷാഗര്‍,,ഷാഗറിനു ഏതു പാട്ടാണു കേള്‍ക്കേണ്ടത്?
ഷാഗര്‍:- തെങ്കാശിപ്പട്ടണത്തിലെ...കടമിഴിയില്‍ കമലദളം എന്ന ഒരു പാട്ടില്ലെ? അത്
ഫാത്തിമ:- നല്ല അടിപൊളി പാട്ടാണല്ലൊ... ഷാഗര്‍ പാടാറുണ്ടൊ?
ഷാഗര്‍:- ഹേയ്..ഇല്ലാ..
ഫാത്തിമ:- ഈ പാട്ട് ആര്‍ക്കു വേണ്ടിയാ ഷാഗര്‍ ഡെഡിക്കേറ്റ് ചെയ്യുന്നെ?
ഷാഗര്‍:- ഇതു മരിച്ച് പോയ എന്റെ സുഹ്രുത്തിന്റെ ഓര്‍മ്മക്ക്ക്കൂ വേണ്ടിയാ‍..
ഫാത്തിമ:-( മുഖം മ്ലാനമാകുന്നു) ഹയ്യോ സോറി,
ഷാഗര്‍:-ഞാനും എന്റെ സ്നേഹിതന്‍ സിദ്ധിക്കും കൂടി ഈ സിനിമ കാണാന്‍ പോകുമ്പോള്‍
ഒരു ആക്സിഡന്റ് ഉണ്ടായി അവന്‍ മരിച്ച് പോയി,,
ഫാത്തിമ:-(ദു:ഖത്തോടെ) എന്താ ചെയ്യാ..നമ്മളൊക്കെ എപ്പൊഴാ മരിക്കാന്ന് അറിയില്ലല്ലോ,
ഷാഗര്‍:- അതെ..പറയാന്‍ പറ്റില്ല.
(എനിക്ക് രണ്ട് പേരുടെയും മുഖഭാവം കണ്ട് ചിരി വരുന്നു)
ഫാത്തിമ:- ഓ കെ ഷാഗര്‍..താങ്കളുടെ മരിച്ച് പോയ സുഹ്രുത്ത് സിദ്ധിക്കിന്റെ ഓര്‍മ്മക്ക് വേണ്ടി
ഞാന്‍ ഈ പാട്ട് കേള്‍പ്പിക്കാം,,,അവിടെ ആരുടെയൊ ശ്ബ്ദം കേള്‍ക്കുന്നു,,കൂട്ടുകാരാണോ?
ഷാഗര്‍:- എന്റെ സുഹ്രുത്ത് സിദ്ധിക്കാണ്, അവന്‍ ചിരിക്കുന്നതാ‍,,,
ഫാത്തിമ:- അപ്പൊ മരിച്ചു എന്നു പറഞ്ഞത്??( മുഖം ചമ്മുന്നു)

ഷാഗര്‍:- അല്ല..ഇങ്ങനെ പോയാല്‍ ഇവന്‍ പെട്ടന്നു തട്ടിപോകും എന്നു പറയാന്‍ വെണ്ടി സൂചിപ്പിച്ചതാ..
ഫാത്തിമ:- (ഒരു വളിച്ച ചിരിയോടെ)...എന്നാലും ലൈവ് ആയി തന്നെ നിങ്ങള്‍ എന്നെ പറ്റിച്ചല്ലോ!!
ഫാത്തിമ:- (ചമ്മലോടെ) എതാ‍യലും രണ്ട് പരേതന്മാര്‍ക്കും കൂടി ഞാന്‍ ആ പാട്ടു വെച്ചു തരാം
എന്നു പറഞ്ഞ് ഗാനം കേള്‍പ്പിച്ചു.
ആ സംഭവത്തിനു ശേഷം എപ്പോള്‍ വിളിച്ചാലും ഞാനണെന്നു കേട്ടാല്‍,,ഓഹൊ പരേതനാണൊ
എന്ന് പറഞ്ഞാ സംസാരിക്കാറ്...
ഞാന്‍ ജീവിച്ചിരിക്കെ തന്നെ ആ ചാനല്‍ (MET)പരേതനായി.
ഫാത്തിമ ഇടക്കു വെറെ ഒരു ചാനലില്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതു കണ്ടു
പക്ഷെ ഇപ്പോള്‍ കുറേ ആയി കണ്ടിട്ട്, അറിയില്ല എവിടെ ആണെന്നു, നിങ്ങള്‍
ആരെങ്കിലും കാണുകയാണെങ്കില്‍ ഈ ജീവിച്ചിരിക്കുന്ന പരേതന്റെ അന്വേഷണം പറയുക.
ഒരു വേള ഫാത്തിമ ഇതു വായിക്കാന്‍ ഇടവരല്ലെ എന്ന പ്രാര്‍ത്ഥനയോടെ..പരേതന്‍( ഹി..ഹി)

Saturday, January 13, 2007

ഒരു ഫലസ്തീന്‍ ബാല്യം

ഒലീവ് സമാധാനത്തിന്റെ ചിഹ്നമാണൊ?
എങ്കിലത് വളരുന്നത് ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ചോര കുടിച്ചാണ്
അഭയാര്‍ത്ഥി ക്യാമ്പിലെ കൊച്ചുകൂടാരത്തില്‍ കിടന്നുറങ്ങുമ്പോള്‍
ഉമ്മ എന്നെ കെട്ടിപിടിച്ചിരിക്കും
ഏതു നിമിഷവും അധിനിവേശക്കാര്‍ ആകാശത്തില്‍ തീ മഴ പെയ്യിക്കാം
അതു ഞങ്ങളുടെ നെഞ്ചിലേക്ക് പെയ്തിറങ്ങാം
അപ്പോള്‍ ഞങ്ങളുടെ നെഞ്ചിനെ പിളര്‍ന്നൊഴുകുന്ന ചുടുനിണം
ആഴ്ന്നിറങ്ങുന്നത് ഒലീവിന്റെ വേരിലേക്കാണ്
രാത്രിയില്‍ ദിനോസറിനെ പോലെ വായ തുറന്ന്
ഞങ്ങളുടെ കൂരയെ വിഴുങ്ങാന്‍ വരുന്ന
ബുള്‍ഡോസറിനെ സ്വപ്നം കണ്ട് ഞാന്‍ പൊട്ടിക്കരയുമ്പോള്‍
പ്രാര്‍ത്ഥനാനിരതമായ ഉമ്മയുടെ കരങ്ങള്‍ എന്നെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കാറുണ്ട്
പ്രഭാതത്തില്‍ ഞാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍
എന്നെ മാറോടണച്ചാണ് ഉമ്മ യാത്രയാക്കുന്നത്
ഇതൊരു അവസാനയാത്രയാകല്ലേ എന്ന പ്രാര്‍ത്ഥനയോടെ
എന്റെ പുസ്തക സഞ്ചിയില്‍
സ്ലേറ്റും പുസ്തകവും പിന്നെ ഇത്തിരി കല്ലുകളും
കവചിത വാഹനങ്ങള്‍ ‍ഞങ്ങള്‍ക്കു നേരെ തീ തുപ്പുമ്പോള്‍
എതിരിട്ടു രക്ഷപെടാനുള്ള ഏക ആയുധം
വര്‍ണ്ണക്കൂട്ടുകളുടെ ലോകത്ത് നിങ്ങള്‍ ജീവിക്കുമ്പോള്‍
ഞങ്ങളുടെ സ്വപ്നത്തില്‍ പോലും ചുവപ്പു നിറം മത്രം
ഞങ്ങളുടെ നേതാക്കളെയെല്ലാം തീ തിന്നപ്പോള്‍
ഇന്‍ തിഫാദയെ പെരുവഴിയിലിട്ട അണികള്‍ അന്യോന്യം ചോര ചിന്തുന്നു
ഒരു വേള നിങ്ങള്‍ ഈ വരികള്‍ വായിക്കൂമ്പോഴും
ഒരു ബാല്യം കൂടി ഇവിടെ കുരുതി കൊടുത്തിട്ടുണ്ടാവാം

Saturday, January 6, 2007

സിംഹങ്ങള്‍ ഒന്നിനേയും ഭയക്കുന്നില്ല


കാടടച്ചു ഭരിക്കേണ്ട സിംഹങ്ങള്‍ ഉറങ്ങിക്കൊണ്ടിരുന്നപ്പോള്‍ സൂത്രശാലിയായ കുറുക്കന്‍ ഒരു നാള്‍ സ്വയം രാജാവായി പ്രഖ്യാപിച്ചു. സിംഹങ്ങളെമ്പാടുമുണ്ട് പക്ഷെ സൂത്രശാലിയായ കള്ളക്കുറുക്കനു മുന്നില്‍ അവര്‍ പകച്ച് നിന്നു.ഇനി ഈ കാടു മുഴുവന്‍ ത്ന്റെ കാല്‍ക്കീഴില്‍.എന്നെ അനുസരിക്കാത്തവര്‍ക്ക് ഇനിമേല്‍ നിലനില്‍പ്പില്ലാ. നിങ്ങളുടെ അടുക്കളയില്‍ പാചകം ചെയ്തത് എന്താണെന്നു അറിയാനുള്ള അവകാശം എനിക്കുണ്ട്. ഇതു കേട്ടു ചില സിംഹങ്ങള്‍ക്കു സഹിച്ചില്ല, തനിക്കവകാശപ്പെട്ട കാട്ടില്‍ വിലസാന്‍ ഈ കള്ളക്കുറുക്കനേയും അവന്റെ ഏറാന്‍ മൂളികളേയും അനുവദിക്കുകയോ?സ്വന്തം അദ്ധ്വാനവും ശക്തിയും ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ച് തയ്യാറാക്കിയ ഭക്ഷണം ഒരു കള്ളക്കുറുക്കനോ?ഇല്ല ഇതു സ്വാതന്ത്ര്യത്തിനെതിരാണ്.
പക്ഷെ കുറുക്കന്‍ സൂ‍ത്രശാലിയാണ്.അവന്‍ മരപ്പട്ടികളെയും,കുരങ്ങന്മാരെയുമൊക്കെ കൂട്ട് പിടിച്ചു
എതിര്‍ത്ത് നിന്ന സിംഹങ്ങളെ ഒറ്റയാക്കി നേരിട്ടു. കുറുക്കന്റേയും കൂട്ടാളികളുടെയും ചതിക്കു മുന്നില്‍ ചില സിംഹങ്ങള്‍ പൊരുതിത്തോറ്റു.
അഭിമാനിയായ ഒരു സിംഹം മാത്രം തോല്‍വി സമ്മതിക്കാതെ അവസാനം വരെ സ്വന്തം കാട്ടിനുള്ളില്‍ കിടന്നു പൊരുതി,വെറുമൊരു കുറുക്കനും കിങ്കരന്മാര്‍ക്കും മുന്നില്‍ അടിയറ പറയാനുള്ളതല്ല സിംഹത്തിന്റെ ജീവിതം,
എന്നില്‍ രാജരക്തമാണ്,ഇതെന്റെ മാത്രം കാട് മരിക്കുന്നെങ്കില്‍ ഈ കാട്ടില്‍ തന്നെ.ഒരു പാലായനം അചിന്ത്യം,കുറുക്കന്മാരുടെ പട നാലു ഭാഗ്ത്തു നിന്നും വളഞ്ഞ്പ്പോഴും അവന്‍ പൊരുതി,വര്‍ദ്ധിച്ച ശൌര്യത്തോടെ, സ്വന്തം കൈകാലുകള്‍ തന്നെ വഞ്ചിക്കുന്നതായി സിംഹമറിഞ്ഞൂ.എതിരാളി കുറുക്കന്മാരാണ് തന്റെ കൂടെയുള്ളവരെ ഇറച്ചിക്കഷണം കാട്ടി വശീകരിച്ചിരിക്കുന്നു,അവരുമിപ്പോള്‍ കുറുക്കന്മാരുടെ കൂടെ
ഒടുവില്‍ ഏകനായപ്പോള്‍ അവനറിഞ്ഞു തനിക്കു ചുറ്റും കുറുക്കന്മാരുടെയും

കൂട്ടാളികളുടെയും നിര.
അവര്‍ സിംഹത്തിന്റെ വാലിലും ചെവിയിലുമൊക്കെ പിടിച്ചു വലിച്ചു,കാട്ടിനുള്ളിലൂടെ ആനയിച്ചു, കൊട്ടും കുരവയുമായി.
ദു:ഖം സഹിക്കാനാവാതെ മാടപ്രാവുകള്‍ കുറുകി,മാനുകള്‍ കണ്ണീരൊലിപ്പിച്ചു.
ഒന്നുമറിയാത്ത കഴുതകള്‍ മാത്രം ചിരിച്ചു കൊണ്ടിരുന്നു.
പിന്നെ കുറുക്കന്മാരുടെ കാല്‍ക്കീഴിലെങ്കിലും സിംഹം ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു.
അവര്‍ സിംഹത്തിനെ കുറ്റവിചാരണ നടത്തി,പെട്ടന്നൊരുനാള്‍ അവര്‍ സിംഹത്തിനെ ചെന്നായയുടെ അകമ്പടിയോടെ കൊലമരത്തിലേക്കാനയിച്ചു,
കുറുക്കന്‍ പറഞ്ഞു “നീ പ്രജകളെ വഞ്ചിച്ച രാജാവ്,ഞാന്‍ ഇവരുടെ രക്ഷകന്‍”
കൊലക്കയര്‍ കഴുത്തിലണിഞ്ഞ സിംഹം ഗര്‍ജ്ജിച്ചു

“ഒരിക്കലുമല്ല രാജാ‍വ് ഞാന്‍ തന്നെ,
ഇതെന്റെ കാട്
നീ സൂത്ര ശാലിയായ കള്ളകുറുക്കനാണ് എന്റെ പ്രജകളെയും കാടിനെയും നശിപ്പിക്കാന്‍ വന്നവന്‍”
ഈ കറുത്ത നിന്റെ നിറമുള്ള മൂടുപടം എനിക്കു വേണ്ട..എന്റെ പ്രജകള്‍ എന്നെ കാണട്ടെ..സിംഹങ്ങള്‍
ഒന്നിനെയും ഭയക്കാറില്ല....മരണത്തെപ്പോലും.
ഒരു നിമിഷം സിംഹത്തിന്റെ ജീവന്‍ ആകാശത്തിലേക്കുയര്‍ന്നു..
കുറുക്കന്മാര്‍ ഓരിയിട്ടു..
അപ്പോഴും പ്രാവുകള്‍ കുറുകുകയും മാനുകള്‍ കണ്ണീരൊലിപ്പിക്കുകയും
കഴുതകള്‍ ചിരിച്ച് കൊണ്ടിരിക്കുകയും ചെയ്തു.

Monday, January 1, 2007

ചാരിത്ര്യം

രാത്രിയേറെയായ്,,വിജനമായ വഴിയിലൂടെ
ഒരു യാത്രയുടെ ആലസ്യവുമായ് ക്ഷീണത്തോടെ ഞാന്‍ നടന്നു
കുറച്ചേറെ ചെന്നപ്പോള്‍ അകലെ വിളക്കു കാലിനരികിലായ് ഒരാള്‍ രൂപം
അടുത്ത് ചെന്നു നോക്കി,,

ഒരു പെണ്‍കുട്ടി ആ മഞ്ഞ വെളിച്ചത്തില്‍ എന്തോ തിരഞ്ഞ് കൊണ്ടിരിക്കുന്നു.
എന്നെ കണ്ടവള്‍ ഇരൂ ട്ടിലേക്കു മാറി,,എങ്കിലും അവളുടെ പേടിച്ചരണ്ടു തുറിച്ച് നോക്കുന്ന
ആ കണ്ണുകള്‍ എനിക്കു കാണം
ഞാന്‍ അവളോടു ചോദിച്ചു ,,സഹോദരീ എന്താണിങ്ങനെ പരതി നടക്കുന്നത്?

എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?
ആ ഇരുട്ടില്‍ നിന്നുമിത്തിരി മുന്നോട്ടു വന്നവള്‍ പറഞ്ഞു,,,“എന്റെ ചാരിത്ര്യം
അപ്പോള്‍ അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും മുഖത്തെ ചോരപ്പാടുകളും

എന്നിലെ പുരുഷനെ നോക്കി പരിഹാസ്യമായി ചിരിച്ചു.

പുതുവത്സരാശംസകള്‍

ഓരോ വര്‍ഷത്തേയും നമ്മള്‍ എതിരേല്‍ക്കുന്നത് ഒരു പാട് പ്രതീക്ഷകളോടെയാണ്,
പക്ഷെ ശുഭകരമല്ലാത്ത ചിലതൊക്കെ നമുക്ക് വരവേല്‍ക്കേണ്ടി വരുന്നു,
എങ്കിലും നമുക്ക് ശുഭപ്രതീക്ഷ കൈവിടാതെ 2007 ലേക്കു പാദമൂന്നാം,
ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും നല്ലതു മാത്രം ഭവിക്കട്ടെ,
നിങ്ങള്‍ക്ക് എന്റെ ഹ്രദയം നിറഞ്ഞ പുതുവത്സരാശംസകള്‍...