Saturday, May 5, 2007

വിതയ്ക്കുന്നവരും കൊയ്യുന്നവരും


ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍
അവര്‍ അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
പശിയടക്കുമ്പോള്‍
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!

ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍

12 comments:

SUNISH THOMAS said...

hats off....dear friend

Pramod.KM said...

ഈ എഴുത്ത് നന്നായിട്ടുണ്ട് സഹോദരാ...
ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍ കോറിയിടാന്‍ വരികള്‍ക്കാവുന്നുണ്ട്.;)

Areekkodan | അരീക്കോടന്‍ said...

pravaasi oru prayaasithanne.

ak47urs said...

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍!!!

sandoz said...

ഉം...വളരെ വിശാലമായ ഒരു ക്യാന്‍ വാസാണു നാലഞ്ച്‌ വരികളില്‍ കുറിച്ചിരിക്കുന്നത്‌...കൊള്ളാം...

വല്യമ്മായി said...

അവരെല്ലാവരും അങ്ങനെയാണോ? ചുരുങ്ങിയ പക്ഷം കുടുംബത്തിന്റെ നന്മക്ക് വേണ്ടി ജന്മം മുഴുവന്‍ വിരഹചൂടില്‍ കഴിയുന്ന ഭാര്യമാരെങ്കിലും.

thoufi | തൗഫി said...

:)

Rasheed Chalil said...

പ്രാവാസിയുടെ ദുഃഖങ്ങള്‍ കാണാത്ത കുടുബങ്ങളേ ഞാന്‍ കണ്ടിട്ടുണ്ട്. തിരിച്ച് അവര്‍ക്കായി ഉരുകി തീരുന്നവരേയും. ഇതും രണ്ടും പ്രാവാസത്തിന്റെ ഏടുകള്‍ തന്നെ.

വല്ല്യമ്മായി... നാട്ടിലേക്കയക്കേണ്ട കാശിന്റെ കണക്കല്ലാതെ എന്നാണ് വരുന്നത് എന്ന് ഇത് വരേ ചോദിക്കാത്ത തന്റെ ഭാര്യയേയും വീട്ടുകാരേയും കുറിച്ച് ഈ കഴിഞ്ഞ വെള്ളിയാഴ്ച സംസാരിച്ച ഒരു പ്രവാസി സുഹൃത്തിനെ ഓര്‍ക്കുന്നു. നിറഞ്ഞ കണ്ണുമായി ഇത് പറഞ്ഞപ്പോള്‍ ഞാനറിയാതെ തന്നെ എന്റെ മനസ്സ് ആ കുടുംബത്തെ ശപിച്ചു പോയി. തെറ്റാണെന്നറിഞ്ഞിട്ടും...

നേരെ തിരിച്ച് ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും എന്നാ മോനേ ഇതൊക്കെ നിര്‍ത്തി നീ വരുന്നത് എന്ന ചോദ്യവും ഞന്‍ കേള്‍ക്കാറുണ്ട്... ദിവസേന.

നല്ല പോസ്റ്റ്.

ak47urs said...

സാന്‍ഡോസ്,,നന്ദി,,
ഇത്തിരിവെട്ടം ,,താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്,എന്റെ ഒരു സ്നേഹിതന്‍ വിസ കാന്‍സല്‍ ആയി നാട്ടില്‍ പോയി കഴിഞ്ഞ ആഴ്ച തിരിച്ചുവന്നു,അവന്റെ കല്ല്യാണവും അതിനെതിരെ വീട്ടുകാരുടെ എതിര്‍പ്പും വിഷു ദിനത്തില്‍ പോലും ഞാന്‍ ഭക്ഷണം കഴിച്ചില്ലെടാ എന്ന്,,എല്ലാം കേട്ടപ്പോള്‍ ‍സങ്കടം തോന്നി,,
വല്ല്യമ്മായി,,ഭാര്യമാരുടെ കാര്യത്തില്‍ ഒരു പരിധി വരെ മാത്രം ,,കാശില്ലാതാവുമ്പോള്‍ അവരും പറയും ആരെയെങ്കിലും വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കി കൂടെ എന്ന്....

K.P.Sukumaran said...

ജീവിയ്ക്കാന്‍ വേണ്ടി, ജീവിതം തന്നെ വില്‍ക്കേണ്ടിവരുന്ന പ്രവാസികളുടെ ആത്മവ്യഥയും; നാട്ടിലുള്ള ബന്ധുക്കളുടെ പൊങ്ങച്ചങ്ങളും ചുരുക്കം വരികളില്‍ എത്ര മനോഹരമായും കാവ്യാത്മകമായും വാചാലമായും സിദ്ദിക്ക് അവതരിപ്പിച്ചിരിക്കുന്നു...!!

ഹാഫിസ് മുഹമ്മദ് said...

മരുഭൂമിയിലെ പച്ചപ്പ് തേടി ഇവ്ടെ എത്തിയ നാമില്‍ പലരും ജീവിതത്തിന്റെ ക്യ്പ്പുന്നീറ് കുടിച്ച് സ്വയം ശപിച്ചു കഴിയുംബോളും നമ്മില്‍ ഭൂരിപക്ഷം പേരും താത്പ്പര്യപ്പെടുന്നില്ല നാമുടെ ശരിയായ ജീവിത കഷ്ടപ്പാടുകളെ നമ്മുടെ കുടുംബത്തിനു മുന്‍ബിലും സമൂഹത്തിനുമുബിലും തുറന്നു കാണിക്കുവാന്‍.... ഞാന്‍ ക്ണ്ടിട്ടുണ്ട് നമ്മില്‍ പലരും നാട്ടില്‍ എത്തിയാല്‍ കാണിച്ചുക്കൂട്ടുന്ന ബോഷുകള്‍...അതു കൊണ്ടായിരിക്കണം നമ്മുടെ ഗവണ്മെന്റ് പോലും ഈ കറവ പശുക്കളോട് അത്പം പോലും കരുണ കാണിക്കാത്തത്....ഇനി നമുക്ക് ചെയ്യനുള്ള കാര്യം ഒന്നു മത്രമേ ഒള്ളൂ...."സഹിക്കുക", "ക്ഷമിക്കുക"
ഇങിനെ ഒരു കവിത എഴുതിയ നിങള്‍ക്ക് എന്റെ അഭിനദ്ധനങള്‍....

നിലാവ്.... said...

പ്രവാസ ജീവിതവും കഷ്ടതയും അതിന്റെ റിയാലിറ്റിയോടുക്കൂടി വരച്ചുക്കാട്ടിയ എന്റെ പ്രിയ മെഹ്ഫിലിന് എല്ലാ‍ അഭിനന്ദനങ്ങളും...